Headlines

ഇനി ഒരു കുട്ടിക്കും തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുത് സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ട്, ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടി: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണ്ണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ‘സിദ്ധാർത്ഥ്’ ആപ്പിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ നിർവ്വഹിച്ചു. സഭയിൽ പുതിയ ആൻറി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാർത്ഥിന്റെ ഓർമ്മയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയാനും വിദ്യാർത്ഥികൾക്ക് ഭയരഹിതമായി പരാതി നൽകാനുമുള്ള സംവിധാനം ഈ ആപ്പിലൂടെ ലഭ്യമാകും. ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർത്ഥൻ ഉണ്ടാകാൻ പാടില്ലെന്ന ശക്തമായ തീരുമാനത്തിൻ്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്.

സിദ്ധാർത്ഥിന്റെ്റെ അമ്മയുടെ കണ്ണീരിൽ നിന്നാണ് ഈ ആപ്പ് രൂപംകൊണ്ടതെന്നും ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുതെന്നും സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ടെന്നും ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. ക്യാമ്പസുകളിൽ റാഗിങ് ഉണ്ടായാൽ കർശന നടപടിയുണ്ടാകും. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച അക്കാദമിക് പ്രോഗ്രാമുകളും പ്ലേസ്മെൻ്റുകളും കേരളത്തിൽ തന്നെ ഉറപ്പാക്കുമെന്നും ഉപരിപഠനത്തിനായി വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകേണ്ട സാഹചര്യ ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.