Headlines

യുവതിയുടെ ജീവനെടുത്തത് റാബ്ഡോമയോളിസിസ്: മാരത്തണിന്റെ അവസാന ലാപ്പിൽ കുഴഞ്ഞുവീണ വിദ്യാർഥിനി മരിച്ചു; നൊമ്പരമായി റേച്ചൽ

ന്യൂയോർക്ക്∙ ന്യൂയോർക്ക് സിറ്റി മാരത്തണിന്റെ അവസാന ലാപ്പിൽ കുഴഞ്ഞുവീണ യുവതി മരിച്ചു. കോളജ് മുൻ ഹോക്കി താരമായ റേച്ചൽ ആപ (24) ആണ് മരിച്ചത്. റേച്ചലിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച്ച മാൻഹട്ടനിലെ സെൻട്രൽ പാർക്കിൽ ഉച്ചയ്ക്ക് 1.30ഓടെയാണ് റേച്ചൽ കുഴഞ്ഞുവീണത്. ആശുപത്രിയിലെ സോഷ്യൽ വർക്കറായ മൈക്കേല നിക്കോളസ് ഉടൻ സഹായത്തി. ജനക്കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ഡോക്ടർമാർ മാറിമാറി സിപിആർ നൽകി. തൊട്ടുപിന്നാലെ മാരത്തണിലെ മെഡിക്കൽ സംഘം ഡിഫിബ്രിലേറ്ററുമായി എത്തി. പിന്നാലെ പാരാമെഡിക്കൽ സംഘം ആംബുലൻസുമായി എത്തി റേച്ചലിനെ മൗണ്ട് സിനായ് മെഡിക്കൽ സെന്ററിലെത്തിച്ചു. ആറു മണിക്കൂറോളം ഡോക്ടർമാർ ജീവൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും രാത്രി 9.40ഓടെ മരണം സ്ഥിരീകരിക്കുന്നതുവെന്ന് പിതാവ് അറിയിച്ചു.

ജീവനെടുത്തത് റാബ്ഡോമയോളിസിസ്?

റാബ്ഡോമയോളിസിസ് എന്ന അപൂർവ രോഗമാണ് മരണകാരണമെന്ന് പിതാവ് സ്റ്റീവ് ആപ പറഞ്ഞു. അസ്ഥികൂട പേശികൾ അതിവേഗം തകരുകയും അതുവഴി രക്തത്തിൽ വിഷാംശം കലരുകയും ചെയ്യുന്ന അവസ്ഥയാണിത്.

ബക്നെൽ സർവകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ റേച്ചൽ മാസങ്ങളോളം പരിശീലനം നടത്തിയ ശേഷമാണ് ഞായറാഴ്ചത്തെ മാരത്തണിൽ പങ്കെടുത്തത്. പാർക്കിൻസൺസ് ഫൗണ്ടേഷൻ ചാംപ്യൻസിനായി ധനസമാഹരണം നടത്തുകയായിരുന്നു ലക്ഷ്യം.2024നുശേഷം ന്യൂയോർക്ക് സിറ്റി മാരത്തണിനിടെ മരിക്കുന്ന ആദ്യ ഓട്ടക്കാരിയാണ് റേച്ചലെന്ന് സംഘാടകർ അറിയിച്ചിരുന്നു. 2007ൽ യുഎസ് ദേശീയ ചാംപ്യനായ റയാൻ ഷേയും സെൻട്രൽ പാർക്കിൽ മരിച്ചിരുന്നു. അന്ന് ന്യൂയോർക്ക് റോഡ് റണ്ണേഴ്സ് സംഘടിപ്പിച്ച ഒളിംപിക് മാരത്തൺ ട്രയൽസിനിടെയായിരുന്നു സംഭവം. ആ വർഷത്തെ ന്യൂയോർക്ക് സിറ്റി മാരത്തണിന് തൊട്ടുമുൻപുള്ള ദിവസമായിരുന്നു ട്രയൽസ് നടന്നത്.

ഇലക്ട്രിക്കൽ ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയിൽ പ്രോഡക്ട് മാനേജരായി ജോലി ചെയ്തിരുന്ന റേച്ചൽ ചാൾസ്റ്റൺ സതേൺ സർവകലാശാലയിൽ എംബിഎ പഠനവും നടത്തിവരികയായിരുന്നു.