മുംബൈ ∙ സിനിമാരംഗങ്ങളെ വെല്ലുന്ന കവർച്ച; ഗ്രാമീണരുടെ നാടകീയമായ ചേസിങ്! ബാങ്ക് ജീവനക്കാരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്ത ശേഷം 36.6 കോടി രൂപയുടെ സ്വർണവും 12.3 ലക്ഷം രൂപയും കവർന്ന സംഘത്തെ ഉത്തര മഹാരാഷ്ട്രയിലെ ജൽഗാവിൽ നാട്ടുകാരും പൊലീസും ചേർന്നു പിന്തുടർന്നു പിടികൂടി. 17 കിലോമീറ്റർ മത്സരയോട്ടത്തിനൊടുവിലാണു നാലംഗ സംഘത്തെ കുടുക്കിയത്. പിടിയിലായവരിൽ മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ശങ്കർ ജാസക് ഉൾപ്പെടും.
ശനിയാഴ്ച ഉച്ചതിരിഞ്ഞാണു ജൽഗാവ് ഭോക്കറിലെ ദേശസാൽകൃത ബാങ്ക് കൊള്ളയടിച്ചത്. ഹെൽമറ്റ് ധരിച്ചു ബാങ്കിലെത്തിയ നാലംഗ സംഘം തോക്കുചൂണ്ടി സുരക്ഷാ ജീവനക്കാരനെയും ക്ലാർക്കിനെയും തടഞ്ഞുവച്ചു. തുടർന്നു ജീവനക്കാരെ ഓരോരുത്തരെയായി ടേപ് കൊണ്ടു ബന്ധിച്ചു തറയിലിരുത്തി. ചെറുക്കാൻ നോക്കിയ ജീവനക്കാരനു നേരെ വെടിയുതിർത്തെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഭീതിവിതച്ചു സ്വർണവും പണവും ചാക്കിലാക്കിയ കവർച്ചക്കാർ ബൈക്കുകളിലാണു മുങ്ങിയത്.
കെട്ടഴിച്ചു പുറത്തെത്തിയ 2 ബാങ്ക് ജീവനക്കാരാണു നാട്ടുകാരെ വിവരം അറിയിച്ചത്. ഉടൻ പൊലീസിനും ജനപ്രതിനിധികൾക്കും വിവരം നൽകി. വൻകൊള്ള സംബന്ധിച്ച വിവരം നിമിഷങ്ങൾക്കകം നാടാകെ പരന്നു. വാഹനങ്ങളിൽ പലവഴി കവർച്ചക്കാരെ പിന്തുടർന്ന നാട്ടുകാരും പൊലീസും ഇടവഴികളിൽ വരെ തമ്പടിച്ചു. അറസ്റ്റിലായ മുൻ പൊലീസ് സബ് ഇൻസ്പെക്ടർ ശങ്കർ ജാസക് മറ്റൊരു ബാങ്ക് കവർച്ചക്കേസിൽ ഈയിടെയാണു ജാമ്യത്തിലിറങ്ങിയത്. പിടിയിലായ മറ്റൊരാൾ വധശ്രമക്കേസിൽ പ്രതിയാണ്. ഇവരിൽനിന്നു മുഴുവൻ സ്വർണവും പണവും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു.






