Headlines

എൻവിഡിയ മേധാവിയുമായി അടുപ്പം; ചൈനക്കാരി ചിപ്പ് രഹസ്യം ചോർത്തി, ഒരു വർഷം മുൻപേ അറിഞ്ഞിട്ടും ട്രംപ് മിണ്ടിയില്ല

ന്യൂയോർക്ക് ∙ പ്രമുഖ അമേരിക്കൻ ചിപ് നിർമാതാക്കളായ എൻവിഡിയയുടെ സിഇഒ ജെൻസെൻ ഹുവാങ്ങുമായി അടുത്ത ബന്ധമുണ്ടാക്കിയ ചൈനീസ് ബിസിനസുകാരി ചാരപ്പണിയെടുത്തെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസികൾ.അമേരിക്കൻ എഐ ചിപ്പുകൾ സംബന്ധിച്ച് ചൈനയ്ക്ക് അവർ വിവരങ്ങൾ ചോർത്തി നൽകിയത് യുഎസ് ഏജൻസികൾ കണ്ടെത്തിയിരുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ആരോപണം അടിസ്ഥാനരഹിതമെന്നു ചൈന പ്രതികരിച്ചു.ആലീസ് ഹുവാങ് എന്ന ചൈനക്കാരി സിംഗപ്പൂർ ആസ്ഥാനമായ ഡേറ്റ സെന്റർ കമ്പനിയായ മെഗാസ്പീഡിന്റെ സീനിയർ എക്സിക്യൂട്ടീവാണ്. ചൈനാവിഷയത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നീക്കങ്ങൾ സംബന്ധിച്ചും എൻവിഡിയയെക്കുറിച്ചും അവർ വിവരങ്ങൾ ചോർത്തി. എഐ ചിപ്പുകൾ വാങ്ങുന്നതിന് യുഎസ് ഏർപ്പെടുത്തിയ നിയന്ത്രണം മറികടക്കാൻ ചൈനയെ ആലീസ് സഹായിച്ചിട്ടുണ്ടാകുമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.രഹസ്യാന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ ഒരുവർഷം മുൻപേ ട്രംപിനെ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തുടർനടപടി വേണ്ടെന്നു തീരുമാനിച്ചതായും റിപ്പോർട്ട് ആരോപിക്കുന്നു. ചൈന–യുഎസ് വ്യാപാരചർച്ചയെ പ്രതികൂലമായി ബാധിക്കാതിരിക്കാനാണ് ട്രംപ് വിഷയം അവഗണിച്ചത്.എൻവിഡിയയുടെ ചിപ്പുകൾ ഉപയോഗിച്ചുള്ള മെഗാസ്പീഡിന്റെ ഡേറ്റസെന്ററുകൾ ആലിബാബ അടക്കം ചൈനീസ് കമ്പനികൾക്കു വാടകയ്ക്ക് നൽകിയിരുന്നു. മെഗാസ്പീഡ് വാങ്ങിയ അമേരിക്കൻ ചിപ്പുകൾ ചൈനയിലേക്കു നിയമവിരുദ്ധമായ കടത്തിയെന്നും യുഎസ് ഏജൻസികൾ സംശയിക്കുന്നു. സിംഗപ്പൂർ അധികൃതർ ആലീസിനെ 2025 ൽ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.