Headlines

ഇസ്രയേൽ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രിയെ നേരിട്ടു തിരഞ്ഞെടുക്കാനുള്ള ബില്ലുമായി പ്രതിപക്ഷനീക്കം; നെതന്യാഹു പുറത്തേക്കോ?

ജറുസലം∙ ഇസ്രയേൽ തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം തുടരവേ, പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള ബിൽ പാസാക്കാൻ ലക്ഷ്യമിട്ട് പ്രതിപക്ഷ സഖ്യം. ചൊവ്വാഴ്ച നടന്ന പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ അറബ് പാർട്ടികളെ ആശ്രയിക്കാതെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാമെന്ന ലക്ഷ്യത്തോടെയാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

വോട്ടർമാർക്ക് പ്രധാനമന്ത്രിയെ നേരിട്ട് തിരഞ്ഞെടുക്കാൻ അനുമതി നൽകുന്ന ബിൽ കൊണ്ടുവരാനാണ് നീക്കം. ബിൽ പാസായാൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ ജയിക്കുന്ന സ്ഥാനാർഥിക്ക് കേവല ഭൂരിപക്ഷമില്ലാതെ തന്നെ ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനാകും. 2021ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിന്നാലെ നെതന്യാഹുവും ഇതേ നിർദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന് ഇസ്രയേലിലെ നിലവിലെ നിയമം ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനും 61 പേരുടെ പിന്തുണ ആവശ്യമാണ്.

പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ബെന്യാമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യത്തിനോ പ്രധാന പ്രതിപക്ഷമായ ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള യാഷർ സഖ്യത്തിനോ കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. 120 അംഗ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹുവിന്റെ സഖ്യത്തിന് 53 സീറ്റും യാഷർ സഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനുവേണ്ടത്. 19 സീറ്റ് ലഭിച്ച അറബ് പാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ പ്രതിപക്ഷത്തിനു ഭരണം ലഭിക്കൂ. ഈ സാഹചര്യത്തിലാണ് ഭരണം ലഭിക്കാനുള്ള വഴികൾ ഇരുമുന്നണികളും തേടുന്നത്.