Headlines

മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പ്: പിണറായി വി‍ജയൻ

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെതിരെ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വി‍ജയൻ. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും ചുമത്താത്ത പൊലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണെന്ന് പിണറായി വി‍ജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

എസ്എഫ്ഐ പ്രവർത്തക നഫീസത്തുൽ മിസ്രിയക്കെതിരെ കോൺഗ്രസ്-ലീഗ് അണികൾ നടത്തുന്ന സൈബർ ആക്രമണവും വിദ്യാർത്ഥികളെ പ്രതിചേർത്ത് പൊലീസ് നടത്തുന്ന ഭരണകൂട വേട്ടയും അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമാണെന്നും അദ്ദേഹം കൂട്ടിചേർത്തു. വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

എം.ജി സർവ്വകലാശാലയിൽ സംഘപരിവാർ നോമിനിയെ വി.സി.യാക്കിയപ്പോഴും സെനറ്റിലും സിൻഡിക്കേറ്റിലും ആർഎസ്എസ് അനുകൂലികളെ കുത്തിനിറച്ചപ്പോഴും കാലിക്കറ്റ് പഠനബോർഡുകളിൽ 32 ആർഎസ്എസുകാരെ നിയമിച്ചപ്പോഴും നിസ്സംഗത പാലിച്ചയാളാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രി. മുൻ ഗവർണറുടെ നോമിനിയായി നിയമിക്കപ്പെട്ട നിലവിലെ കാലടി സർവ്വകലാശാലാ വി.സി.യുടെ വിദ്യാർത്ഥിവിരുദ്ധ നടപടികൾക്ക് ഒത്താശ ചെയ്ത സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയുടെ സംഘപരിവാർ വിധേയത്വത്തെയാണ് വിദ്യാർത്ഥികൾ ചോദ്യം ചെയ്തത്.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയെ സംഘപരിവാറുകാർ വഴിയിൽ തടഞ്ഞു അപമാനിച്ച സംഭവത്തിൽ പെറ്റിക്കേസ് പോലും ചുമത്താത്ത പോലീസ്, മന്ത്രിയോട് ചോദ്യം ചോദിച്ച വിദ്യാർത്ഥികൾക്കെതിരെ രായ്ക്കുരാമാനം ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പ്രതികാരനടപടി സ്വീകരിക്കുന്നത് സർക്കാരിന്റെ നഗ്നമായ ഇരട്ടത്താപ്പും പ്രീണന രാഷ്ട്രീയവുമാണ്.
വിദ്യാർത്ഥികൾക്ക് നേരെ യുദ്ധം പ്രഖ്യാപിക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയരും.