‘നിയമവിരുദ്ധ നിർദേശം അനുസരിക്കേണ്ട ബാധ്യതയില്ല’; പരോക്ഷ വിമർശനവുമായി പൊലീസ് അസോസിയേഷൻ

തിരുവനന്തപുരം∙ ചേരാനല്ലൂര്‍ അപകടവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വന്നതിനു പിന്നാലെ പരോക്ഷ വിമര്‍ശനവുമായി കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്‍. തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന നിര്‍വാഹക സമിതി യോഗത്തില്‍ പാസാക്കിയ പ്രമേയത്തിലാണു വിമര്‍ശനമുള്ളത്.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ പല തരത്തിലുള്ള ഇടപെടലുകളും തെറ്റായ ശുപാര്‍ശകളും അന്യായമായ നിര്‍ദേശം വരാറുണ്ട്. എന്നാല്‍ നിയമവിരുദ്ധമായ നിര്‍ദേശങ്ങള്‍ ആരില്‍നിന്നു വന്നാലും അത് അനുസരിക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ബാധ്യതയില്ലെന്നും അസോസിയേഷന്‍ വ്യക്തമാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉദ്യോഗസ്ഥര്‍ നിയമാനുസരണം വിവേകത്തോടെയും സത്യസന്ധതയോടെയും നീതിബോധത്തോടെയും നിയമാനുസൃതമായും നിലപാടെടുക്കണം. അല്ലാത്തപക്ഷം പ്രത്യാഘാതം കടമ നിറവേറ്റുന്നവര്‍ മാത്രം അനുഭവിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുകയെന്നും പ്രമേയം മുന്നറിയിപ്പു നല്‍കുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശരിയാണെന്ന് അംഗീകരിച്ച ചില നടപടികള്‍ പിന്നീടു തെറ്റായി ചിത്രീകരിച്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്ന രീതി ശരിയല്ല. ഒരിക്കല്‍ ചെയ്തതു വര്‍ഷങ്ങള്‍ക്കുശേഷം തെറ്റായി മാറിയേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ആരു പറഞ്ഞിട്ടു ചെയ്തു എന്നത് ഒരു ഘടകമേ ആകില്ല. ആര് ചെയ്തു എന്നതു മാത്രമാണ് പരിശോധനാ വിധേയമാകുന്നത്. ഇതു കണക്കിലെടുത്ത് നിയമപരമായി മാത്രം മുന്നോട്ടുപോകണമെന്നും സംഘടന ആവശ്യപ്പെടുന്നു.