‘ഇവിടെ മുതലകൾ ഉണ്ടായേക്കാം…’; യമുനയിൽ ചാടി വെള്ളം കുടിച്ച് ബിജെപി എംപി, മലിനീകരണം കുറഞ്ഞെന്ന് അവകാശവാദം

ന്യൂഡൽഹി ∙ ഡൽഹിയിൽ യമുനാ നദിയുടെ ശുദ്ധീകരണത്തെച്ചൊല്ലി ബിജെപിയും ആം ആദ്മി പാർട്ടിയും (എഎപി) തമ്മിലുള്ള രാഷ്ട്രീയ പോര് വീണ്ടും മുറുകുന്നു. നദിയിലെ മലിനീകരണ തോത് പകുതിയായി കുറഞ്ഞുവെന്ന അവകാശവാദവുമായി ബിജെപി എംപി മനോജ് തിവാരി യമുനയിൽ മുങ്ങി നിവർന്നതിനു പിന്നാലെയാണ് ഡൽഹിയിൽ പുതിയ രാഷ്ട്രീയ തർക്കം ഉടലെടുത്തത്.

വടക്കുകിഴക്കൻ ഡൽഹിയിൽ നിന്നുള്ള ലോക്‌സഭാ എംപിയായ മനോജ് തിവാരി സോണിയ വിഹാർ ഘട്ടിൽ എത്തിയാണ് യമുന നദിയിൽ സ്നാനം ചെയ്തത്. രേഖാ ഗുപ്ത സർക്കാരിന്റെ ശുദ്ധീകരണ പ്രവർത്തനങ്ങൾ കാരണം യമുനയിലെ മലിനീകരണം പകുതിയായി കുറഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. നദിയിൽ നിന്ന് വെള്ളം കുടിച്ച മനോജ് തിവാരി, യമുനയിൽ ദേശാടനപ്പക്ഷികൾ തിരിച്ചെത്തിയത് നദി വൃത്തിയായതിന്റെ തെളിവാണെന്നും പറഞ്ഞു. ഇവിടെ വെള്ളത്തിൽ ചിലപ്പോൾ മുതലകൾ ഉണ്ടായേക്കാം, മുതലകൾ വൃത്തിയുള്ള വെള്ളത്തിൽ മാത്രമേ വരാറുള്ളൂവെന്നും മനോജ് തിവാരി അവകാശപ്പെട്ടു. വരാനിരിക്കുന്ന ഛാഠ് പൂജ ഭക്തർക്ക് ഇനി യമുനാ തീരത്ത് ആഘോഷിക്കാമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ 27 വർഷത്തിനിടെ കോൺഗ്രസിനും എഎപിക്കും ചെയ്യാൻ കഴിയാത്തത് രണ്ട് വർഷം കൊണ്ട് ബിജെപി സർക്കാർ ചെയ്തുവെന്ന് ഡൽഹി ബിജെപി എക്‌സിൽ കുറിച്ചു. കൂടാതെ യമുനയിൽ മുങ്ങാൻ മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ബിജെപി വെല്ലുവിളിക്കുകയും ചെയ്തു.

എഎപിയുടെ പ്രത്യാക്രമണം

ബിജെപിയുടെ വെല്ലുവിളിക്ക് എഎപി ഡൽഹി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ശക്തമായ മറുപടി നൽകി. പല്ല മുതൽ വസീരാബാദ് വരെയുള്ള 26 കിലോമീറ്റർ താരതമ്യേന വൃത്തിയുള്ളതാണെന്നും ഇത് ഡൽഹി മലിനീകരണ നിയന്ത്രണ സമിതിയുടെ (ഡിപിസിസി) റിപ്പോർട്ടുകളിൽ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മലിനീകരണ തോത് കൂടിയ ഒഖ്‌ല ബാരേജിനു സമീപമുള്ള കാളിന്ദി കുഞ്ച് ഘട്ടിലെ വെള്ളം കുടിക്കാൻ മനോജ് തിവാരിയെയും ജലവിഭവ മന്ത്രി പർവേശ് വർമ്മയെയും ഭരദ്വാജ് വെല്ലുവിളിച്ചു. കഴിഞ്ഞ വർഷവും ഈ വെല്ലുവിളിയിൽ നിന്ന് ബിജെപി നേതാക്കൾ ഒളിച്ചോടിയതാണെന്നും അദ്ദേഹം ആരോപിച്ചു.