Headlines

കണ്ണൂരിലേത് കല്ലുവെട്ട് ഭൂമിയെന്നാണ് മുഖ്യമന്ത്രി പറയുന്നത്, പഴയകാലത്ത് അവിടെ വീട് വെക്കാറുണ്ട്; കിഫ്‌ബി നൽകിയത് വികസന കുതിപ്പെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കിഫ്ബിയെ സാങ്കേതികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏറ്റവും വലിയ പിന്തിരിപ്പൻ രേഖയാണ് സുധാ പിള്ള കമ്മിറ്റി അവതരിപ്പിച്ചത്. ഏറ്റവും വലിയ ജനകീയ വികസന മാതൃക തകർത്ത് കേന്ദ്രസർക്കാരിന്റെ കോർപ്പറേറ്റ് വൽക്കരണത്തിന് അടിയറവ് വെക്കാനുള്ള ശ്രമമാണ്. കിഫ്ബിയോട് നേരത്തെ മുതൽ നിങ്ങൾ ഒരു വിപ്രതിപത്തി പ്രകടിപ്പിച്ചു പോരുന്നുണ്ട്.

സാങ്കേതികമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കോർപ്പറേറ്റ് വൽക്കരണം എന്ന് കേൾക്കുമ്പോൾ തന്നെ മുഖ്യമന്ത്രിക്ക് വിഷമമാണ്. വികസന പദ്ധതികൾക്ക് നമ്മുടെ ബജറ്റിൽ നിന്ന് പണം കണ്ടെത്താൻ പ്രയാസമായിരുന്നു എന്നത് വസ്തുതയല്ലേ. ആവശ്യം വളരെ കൂടുതൽ, വിഭവങ്ങൾ പരിമിതം. ഇതിനുള്ള പരിഹാരം എന്ന നിലയ്ക്കാണ് കിഫ്ബിയെ പുനരുജ്ജീവിപ്പിച്ചതെന്നും പിണറായി വിജയൻ പറഞ്ഞു.

കിഫ്ബി യാഥാർത്ഥ്യമായതോടെ മൂലധന ചെലവ് ഗണ്യമായി വർദ്ധിച്ചു. വികസന മേഖലയ്ക്ക് വലിയ കുതിപ്പ് നൽകിയിട്ടുണ്ട്. അത് നേരെ കാണാതെയാണ് സുധാ പിള്ള കമ്മിറ്റി റിപ്പോർട്ട് തയ്യാറാക്കിയത്. പള്ളിക്കൂടങ്ങൾക്കും മറ്റുമുള്ള ചെലവ് ലാഭ താൽപര്യത്തോടെ ആണോ കാണേണ്ടത്?. 70415 കോടിയുടെ ബാധ്യത കിഫ്ബി ഉണ്ടാക്കി എന്നാണ് വിദഗ്ധ സമിതി അവതരിപ്പിച്ചത്.

സർക്കാർ ആഗ്രഹിക്കുന്ന വാദഗതികളാണ് കമ്മിറ്റി അവതരിപ്പിച്ചത്. കേന്ദ്ര ഗവൺമെൻറ് സ്വീകരിച്ച തെറ്റായ നയങ്ങൾക്കെതിരെ ഒരു വാക്കുപോലും പറയാനില്ല. കേന്ദ്ര നയത്തിന് കീഴടങ്ങുന്ന നിലപാടാണ് ഇവിടെ സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കേന്ദ്ര നയത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയാണ് എൽഡിഎഫ് സർക്കാർ ചെയ്തത്. സുധാ പിള്ള കമ്മിറ്റിയുടെ റിപ്പോർട്ടും മുഖ്യമന്ത്രിയുടെ വാദഗതികളും സുപ്രീംകോടതിയിലുള്ള കേസിനെ ദുർബലപ്പെടുത്തും. ഭൂമിയിൽ ഏറ്റെടുക്കലിന് നൽകുന്ന വിലയെ കമ്പോള വിലയുമായി താരതമ്യം ചെയ്യുന്നത് അബദ്ധമല്ലേ. കണ്ണൂരിലെ ഭൂമി കല്ലു വെട്ട് ഭൂമിയാണ് എന്ന് മുഖ്യമന്ത്രി പറയുന്നത്.

പഴയകാലത്ത് അത്തരം സ്ഥലങ്ങളിൽ വീട് വെക്കാറുണ്ട്. എല്ലാ സ്ഥലങ്ങളും കല്ലുവെട്ട് കുഴിയല്ല. കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിനടുത്ത് സ്ഥലം ലഭ്യമാണ് എന്നതാണ്. ആ സ്ഥലം റിയൽ എസ്റ്റേറ്റ് കാർക്ക് വിട്ടുകൊടുക്കണോ ?. കണ്ണൂരിലെ സ്ഥലം ഇനിയും ഉപയോഗിക്കാൻ കഴിയുന്നതാണ്. പ്രത്യേക ആവശ്യത്തിന് എടുത്ത ഭൂമി എന്നത് മാറ്റിനിർത്തിയാൽ എല്ലാ മണ്ഡലങ്ങളിലും കിഫ്ബി തുല്യ നിലയാണ് സ്വീകരിച്ചത്. വിദ്യാഭ്യാസ ആരോഗ്യ മേഖലയിലെ ചെലവിനെ ലാഭകരമല്ല എന്ന നിലപാട് എടുക്കരുത്. കേന്ദ്ര സർക്കാരിൻറെ ആരോപണങ്ങൾ പകർത്തിയെഴുതിയ രാഷ്ട്രീയ രേഖയാണ് സുധാപ്പിള കമ്മിറ്റി അവതരിപ്പിച്ചതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. അതിനെ പ്രകീർത്തിച്ചാണ് മുഖ്യമന്ത്രി സംസാരിച്ചത്. പ്രതിപക്ഷം ഇറങ്ങിപ്പോയി.