Headlines

നിലവാരമില്ലാത്ത 440 ലീറ്റർ ഭക്ഷ്യ എണ്ണ, കഴിക്കാൻ കൊള്ളാത്ത 3,900 സമൂസ; 2,600 പൊരിച്ച പത്തിരി; നടപടിയുമായി ‘ഓപ്പറേഷൻ തെളിമ’

കോഴിക്കോട് ∙ പൊതുജനാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഭക്ഷ്യനിർമാണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്. സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തെളിമ’യുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പുലർച്ചെ ഒരു മണിക്ക് ആരംഭിച്ച മിന്നൽ പരിശോധനയിൽ മാനദണ്ഡങ്ങൾ പാലിക്കാത്ത 440 ലീറ്റർ ഭക്ഷ്യ എണ്ണയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കിയ ആയിരക്കണക്കിന് ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്ത് നശിപ്പിച്ചു.വൻതോതിൽ എണ്ണക്കടികൾ നിർമിച്ച് ചെറുകിട ഭക്ഷ്യസ്ഥാപനങ്ങിലേക്കും ചായക്കടകളിലേക്കും വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാന പരിശോധന. അഞ്ച് സ്ക്വാഡുകളായി പത്ത് സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ഭക്ഷ്യവസ്തുക്കളുടെ നിർമാണവും വിതരണവും പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി പുലർച്ചെ തന്നെ പരിശോധനാ സംഘം രംഗത്തിറങ്ങി.ഭക്ഷ്യ എണ്ണയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി മൊബൈൽ ഫുഡ് ടെസ്റ്റിങ് ലാബിന്റെ സഹായത്തോടെ ടെസ്റ്റോമീറ്റർ ഉപയോഗിച്ചും പരിശോധന നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച നാലു സ്ഥാപനങ്ങൾക്കും പൂട്ടുവീണു. നിയമലംഘനങ്ങൾ കണ്ടെത്തിയ നാലു സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടിസ് നൽകി. രണ്ട് സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും.പരിശോധനയിൽ 440 ലീറ്റർ ഭക്ഷ്യ എണ്ണയ്ക്കു പുറമേ 3,900 സമൂസ, 2,600 പൊരിച്ച പത്തിരി, 1,000 പരിപ്പുവട, 250 കട്‌ലറ്റ്, 1,000 ചപ്പാത്തി, 250 ഇഡ്ഡലി, 100 വട എന്നിവയും 50 കിലോഗ്രാം പത്തിരിമാവും പിടിച്ചെടുത്ത് നശിപ്പിച്ചു. വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയാറാക്കിയതും മനുഷ്യാരോഗ്യത്തിന് ഹാനികരമാകാൻ സാധ്യതയുള്ളതുമായ ഭക്ഷ്യവസ്തുക്കളാണ് നശിപ്പിച്ചത്.ഭക്ഷ്യവസ്തുക്കളുടെ നിർമാണത്തിലും സംഭരണത്തിലും വിതരണത്തിലും ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി തുടരുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി. ഭക്ഷ്യ എണ്ണയുടെ ആവർത്തിച്ചുള്ള ഉപയോഗം തടയുന്നതിനുമായി സംസ്ഥാനവ്യാപകമായി പരിശോധനകൾ ശക്തമാക്കുകയെന്നതാണ് ‘ഓപ്പറേഷൻ തെളിമ 2.0’ ലക്ഷ്യം വയ്ക്കുന്നത്. ഭക്ഷ്യസുരക്ഷാ ഡപ്യൂട്ടി കമ്മിഷണർ ടി.എസ്.വിനോദ് കുമാർ, അസിസ്റ്റന്റ് കമ്മിഷണർ ഡോ.ജോസഫ് കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്.