Headlines

10 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടണം; വിസ്റ്റഡോം കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നത് കനത്ത വെല്ലുവിളി

പുനലൂർ ∙ കൊല്ലം –ചെങ്കോട്ട റെയിൽപാതയിലെ ഹാൾട്ട് സ്റ്റേഷൻ അടക്കം 10 റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാതെ വിസ്റ്റഡോം കോച്ചുകളുടെ എണ്ണം വർധിപ്പിക്കുന്നത് കനത്ത വെല്ലുവിളി. അല്ലാതെ വിസ്റ്റഡോം കോച്ചുകളുടെ എണ്ണം വർധിപ്പിക്കണമെങ്കിൽ 13 കോച്ചുകളുള്ള ഗുരുവായൂർ –മധുര എക്സ്പ്രസിൽ ഒരു അൺ റിസർവ്ഡ് കോച്ച് നീക്കം ചെയ്യണം. നിലവിൽ ഒരെണ്ണം നീക്കം ചെയ്തിട്ടാണ് വ്യാഴാഴ്ച വിസ്റ്റഡോം കോച്ച് ഘടിപ്പിച്ചത്. ഇനിയും റിസർവ്ഡ് കോച്ചുകൾ മാറ്റിയാൽ സാധാരണക്കാരായ യാത്രക്കാരെ ബാധിക്കും. വിസ്റ്റഡോം കോച്ച് ഘടിപ്പിച്ച് സർവീസ് നടത്തിയ ദിവസം 7 അൺ റിസർവ്ഡ് കോച്ചുകൾ, ഒരു ജനറേറ്റർ കാർ, ഒരു ഗാർഡ് വാൻ, രണ്ട് സ്ലീപ്പർ കോച്ചുകൾ, ഒരു തേഡ് എസി കോച്ച്, ഒരു വിസ്റ്റഡോം കോച്ച് എന്നിവയാണ് ഉണ്ടായിരുന്നത്. ഒപ്പം പുനലൂരിനും ഭഗവതിപുരത്തിനും മധ്യേ പശ്ചിമഘട്ട മേഖല ആയതിനാൽ ട്രെയിനിന്റെ പിന്നിൽ ബാങ്കർ എൻജിനും ഉൾപ്പെടുത്തി.

24 കോച്ച് സൗകര്യം പുനലൂരിലും ഭഗവതിപുരത്തും മാത്രം
ഒറ്റക്കൽ, കഴുതുരുട്ടി, ഇടപ്പാളയം സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടാൻ ടെൻഡർ വിളിച്ചിട്ടില്ല. എഴുകോൺ, ആര്യങ്കാവ് സ്റ്റേഷനുകളിലെ നിർമാണ പ്രവർത്തനം നടന്നുകൊണ്ടിരിക്കുകയുമാണ്. ഗേജ് മാറ്റം നടത്തി 2018ൽ പാത കമ്മിഷൻ ചെയ്തപ്പോൾതന്നെ 24 കോച്ചുകൾ നിർത്തിയിടാനുള്ള നീളം പുനലൂർ, ഭഗവതിപുരം സ്റ്റേഷനുകളിൽ ക്രമീകരിച്ചിരുന്നു. കൊട്ടാരക്കര സ്റ്റേഷനിൽ 18 കോച്ചുകളുള്ള ട്രെയിനുകൾ വരെ മാത്രമേ നിർത്താൻ സാധിക്കൂ. കുണ്ടറ റെയിൽവേ സ്റ്റേഷന് ഇരുവശവും ഗേറ്റ് ഉള്ളതിനാൽ 20 കോച്ചുകൾ ഉൾക്കൊള്ളാവുന്ന പ്ലാറ്റ്ഫോം മാത്രമേ നിർമിക്കാൻ സാധിക്കൂ. ഇടമൺ റെയിൽവേ സ്റ്റേഷനിലും നിലവിൽ 20 കോച്ചിനു വേണ്ടിയുള്ള നിർമാണമാകും നടക്കുക. നിലവിൽ ക്രോസിങ്ങുള്ള എല്ലാ സ്റ്റേഷനിലും രണ്ടാം പ്ലാറ്റ്ഫോമിന്റെ നീളം ആണു വർധിപ്പിക്കുന്നത്. എന്നാൽ ന്യൂ ആര്യങ്കാവിൽ രണ്ട് ലൈൻ ഉണ്ടെങ്കിലും ഒരു പ്ലാറ്റ്ഫോം മാത്രമാണുള്ളത്. എന്നാൽ തെന്മലയിൽ രണ്ട് പ്ലാറ്റ്ഫോമുകളുടെയും നീളം വർധിപ്പിക്കുന്നുമുണ്ട്.

6 സ്റ്റേഷനുകളിൽ 13 കോച്ചിനുള്ള സൗകര്യം മാത്രം
നിലവിൽ 6 സ്റ്റേഷനുകളിൽ 13 കോച്ചുകളുള്ള ട്രെയിനുകൾ മാത്രമേ നിർത്താൻ സാധിക്കൂ. ന്യൂ ആര്യങ്കാവ്, തെന്മല, ഇടമൺ, ആവണീശ്വരം, കുര, കൊട്ടാരക്കര, കുണ്ടറ ഈസ്റ്റ്, കുണ്ടറ, ചന്ദനത്തോപ്പ്, കിളികൊല്ലൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുന്നതിന് നേരത്തേ ടെൻഡർ വിളിച്ച് 2027 ജൂലൈ മാസത്തിൽ പണി പൂർത്തീകരിക്കാനാണു തീരുമാനം. കഴിഞ്ഞമാസം 24നു പുനലൂരിൽ എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെയും ഡിആർഎം ഓംപ്രകാശ് മീനയുടെയും സാന്നിധ്യത്തിൽ ചേർന്ന അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേ ചീഫ് പ്രോജക്ട് മാനേജർ (സിപിഎം) രാജേഷ് കുമാറാണ് ഈ വിവരം അറിയിച്ചത്. അവലോകനത്തിനുശേഷം രണ്ടു തവണ ചീഫ് പ്രോജക്ട് മാനേജർ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കേണ്ട റെയിൽവേ സ്റ്റേഷനുകളിൽ സന്ദർശനവും നടത്തിയിരുന്നു.