Headlines

‘നിതീഷ് കുമാർ പോയി, ജെഡിയു ‘തീർന്നു’, വേറെ പാർട്ടി രൂപീകരിക്കും’: പാർട്ടിയിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ ‘ഛോട്ടേ സർക്കാർ’

പട്ന∙ ജനതാദൾ (യു)വിൽനിന്ന് പുറത്താക്കിയതിനു പിന്നാലെ പാർട്ടിക്കെതിരെ ആഞ്ഞടിച്ച് മൊകാമ എംഎൽഎ അനന്ത് സിങ്. നിതീഷ് കുമാർ ഇപ്പോൾ പാർട്ടിക്കൊപ്പം ഇവിടെയില്ലെന്നും അതോടെ ജെഡിയു ‘തീർന്നെന്നും’ അനന്ത് സിങ് പറഞ്ഞു. ജെഡിയുവിന് രാഷ്ട്രീയത്തിൽ ഇനി യാതൊരു ഭാവിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനതാദൾ (യു) പാർട്ടിയിൽനിന്ന് പുറത്താക്കി ഒരു ദിവസം കഴിയുമ്പോഴാണ് നിതീഷ് കുമാറിനെതിരെ അനന്ത് സിങ് രംഗത്തുവന്നിരിക്കുന്നത്. മറ്റൊരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

‘‘പുറത്താക്കപ്പെട്ടതിൽ എനിക്ക് യാതൊരു വിഷമവുമില്ല. ഈ പാർട്ടി നിതീഷ് കുമാറിന്റേതാണ്. അദ്ദേഹമാണ് അത് രൂപീകരിച്ചത്. ഇപ്പോൾ ആ നേതാവു തന്നെ അവിടെ ഇല്ലാത്തപ്പോൾ പാർട്ടിയിൽ‍ എന്താണ് ബാക്കിയുള്ളത്? എന്നെ പുറത്താക്കിയയാൾ യാതൊരു വിലയും ഇല്ലാത്തയാളാണ്.’’– നിതീഷ് കുമാറിന്റെ അഭാവത്തിൽ പാർട്ടിയുടെ പ്രസക്തിയെ ചോദ്യം ചെയ്ത സിങ്, നിലവിലെ നേതൃത്വത്തിന് സ്വന്തമായി യാതൊരു രാഷ്ട്രീയ അടിത്തറയുമില്ലെന്നും കുറ്റപ്പെടുത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഷ്ടിച്ച് 10 സീറ്റ് നേടാൻ പോലും ജെഡിയു ഏറെ വിയർപ്പൊഴുക്കേണ്ടി വരുമെന്നും അനന്ത് പറഞ്ഞു.

പാർട്ടിയെ അപകീർത്തിപ്പെടുത്തി, പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കെതിരെ അപകീർത്തിപരമായ പാർമർശം നടത്തി, എതിർ പാർട്ടിയുടെ സ്ഥാനാർഥിക്കുവേണ്ടി പ്രചാരണം നടത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനന്ത് സിങ്ങിനെ ജെ‍ഡിയു പുറത്താക്കിയത്. കൗൺസിൽ തിരഞ്ഞെടുപ്പിൽ ജൻ സുരാജ് പാർട്ടി സ്ഥാനാർഥി അനുജ് സിങ്ങിനെ പിന്തുണയ്ക്കുകയും ജെഡിയു സ്ഥാനാർഥി നീരജ് കുമാറിനെ പരാജയപ്പെടുത്തണമെന്നും ആഹ്വാനം ചെയ്തിരുന്നു.
നിതീഷ് കുമാറിനു വേണ്ടി താൻ ഒൻപത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അനന്ത് പറഞ്ഞത് ഏറെ വിവാദമായിരുന്നു. മൊകാമയിൽ ‘ഛോട്ടേ സർക്കാർ’ എന്ന് അറിയപ്പെടുന്ന അനന്ത് സിങ്ങിന് മണ്ഡലത്തിൽ കാര്യമായ സ്വാധീനമുണ്ട്. ഒരു ഹ്രസ്വ കാലയളവ് ഒഴിച്ചാൽ 1990 മുതൽ അദ്ദേഹത്തിന്റെ കുടുംബമാണ് ഈ നിയമസഭാ സീറ്റ് കൈവശം വച്ചിരുന്നത്.