Headlines

കെഎസ്ആർടിസി ബസിൽ യുവതിയോട് അതിക്രമം; 11 മാസമായി ഒളിവിൽ, അവസാനം പിടിയിൽ

പേയാട് (തിരുവനന്തപുരം) ∙ കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിയോട് അതിക്രമം കാട്ടിയ കേസിൽ 11 മാസം ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയായ പ്രതി പിടിയിൽ. കന്യാകുമാരി തിരുവിതാംകോട് ഓൾഡ് മോസ്ക് തെരുവിൽ മഷൂക് മുഹമ്മദ് അലി (47) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ നവംബർ 5ന് രാവിലെ തിരുവനന്തപുരത്തു നിന്നു കാട്ടാക്കട വഴി വെള്ളറടയിലേക്കു പോയ ബസിൽ പേയാട് വച്ചായിരുന്നു സംഭവം. താൻ നേരിട്ട ദുരനുഭവം യുവതി മൊബൈൽ ഫോണിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. യുവതിയുടെ മൊഴിയുടെയും അവർ പകർത്തിയ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ വിളപ്പിൽശാല പൊലീസ് കേസെടുത്തെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. മൊബൈൽ ദൃശ്യത്തിൽ നിന്നുള്ള പ്രതിയുടെ ഫോട്ടോ ഉൾപ്പെടുത്തി പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഇറക്കിയെങ്കിലും അന്വേഷണം വഴിമുട്ടി. മൊബൈൽ ദൃശ്യങ്ങളിലെ പ്രതിയുടെ ഭാഗികമായ ചിത്രം നൂതന സംവിധാനം ഉപയോഗിച്ച് വ്യക്തമാക്കി നടത്തിയ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. തമ്പാനൂരിൽ ഇയാൾ ബാഗ് കച്ചവടം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.

ഇയാളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ചെന്നൈയിലെ ഒളിസങ്കേതത്തിൽ നിന്നു കാട്ടാക്കട ഡിവൈഎസ്പി ജി.ബിനു, മലയിൻകീഴ് സിഐ ഉമേഷ്, വിളപ്പിൽശാല എസ്ഐ ആർ.എം.അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.