Headlines

ഫാർമസി കൗൺസിൽ പുതിയ ചട്ടം പുറത്തിറക്കി; സർക്കാർ റദ്ദാക്കി

ന്യൂഡൽഹി ∙ സർക്കാർ ഫാർമസിസ്റ്റുകളുടെ നിയമനം, സ്ഥാനക്കയറ്റം, സേവനവ്യവസ്ഥകൾ എന്നിവ പരിഷ്കരിക്കാനുള്ള പുതിയ ചട്ടങ്ങളെച്ചൊല്ലി കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യയും (പിസിഐ) തമ്മിൽ തർക്കം. കേന്ദ്രസർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്തെന്ന് ആരോപിച്ച് മന്ത്രാലയം ഭേദഗതി റദ്ദാക്കി.

‘ഫാർമസിസ്റ്റ് റിക്രൂട്മെന്റ്, പ്രമോഷൻ ആൻഡ് സർവീസ് റഗുലേഷൻസ് 2025’ എന്ന പേരിൽ ജൂൺ 10നാണ് പിസിഐ ചട്ടങ്ങൾ ഗസറ്റിൽ വിജ്ഞാപനം ചെയ്തത്. കേന്ദ്രസർക്കാരിന്റെ അനുമതിയോടെയാണ് ചട്ടങ്ങൾ തയാറാക്കിയതെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഫാർമസി നിയമം 1948 പ്രകാരം പിസിഐയുടെ അധികാരപരിധിക്കു പുറത്തുള്ള വിഷയമാണിതെന്ന് വ്യക്തമാക്കി കഴിഞ്ഞ 12ന് മന്ത്രാലയം സർക്കുലർ പുറത്തിറക്കി.
രാജ്യത്ത് 16 ലക്ഷത്തിലേറെ റജിസ്റ്റർ ചെയ്ത ഫാർമസിസ്റ്റുകളുണ്ട്. ഇവരിൽ 4 ലക്ഷത്തോളം പേർ സർക്കാർ മേഖലയിലാണ് ജോലി ചെയ്യുന്നത്.