Headlines

വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്‌‌ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു

കൊല്ലം ∙ നെടുമ്പനയിൽ വീട്ടിൽ ആഹാരം കഴിച്ചു കൊണ്ടിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റു. ഇരുവരുടെയും ശരീരത്ത് പൊള്ളലേറ്റിട്ടുണ്ട്. കുഞ്ഞിന് ദേഹമാസകലവും അമ്മയ്ക്ക് വയറിന്റെ ഭാഗത്തുമാണ് പൊള്ളലേറ്റത്. നെടുമ്പന പഞ്ചായത്ത് പത്താം വാർഡ് ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയേറ്റ് ഇവരുടെ വീടിന്റെ ചുവരും കിണറും തകർന്നു. സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിച്ചു. ഇലക്ട്രിക് വയറുകൾ കത്തിപ്പോയി. മഴ കുറഞ്ഞ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്.

ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ശ്രീദേവിയും ആദിദേവും മറ്റ് രണ്ട് മക്കളും ഭർതൃ മാതാവ് നന്ദിനിയും വീടിന്റെ മുൻവശത്തെ മുറിയിൽ ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുകയായിരുന്നു. അതിനിടെ ശ്രീദേവിയും ആദിദേവും അടുക്കളയിലേക്ക് പോയി. പെട്ടെന്ന് ശക്തമായ ഇടിയും മിന്നലും ഉണ്ടായി. അവിടെ വച്ചാണ് അമ്മയ്ക്കും കുഞ്ഞിനും ഇടിമിന്നലേറ്റത്. ഇരുവരുടെയും നിലവിളി കേട്ട് നന്ദിനിയും മറ്റു മക്കളും അടുക്കള ഭാഗത്തേക്ക് എത്തിയപ്പോൾ അമ്മയും കുഞ്ഞും നിലത്തു കിടക്കുന്നതാണ് കണ്ടത്.

ബഹളം കേട്ട് അയൽവാസികളും അവിടേക്ക് എത്തി. ഇരുവരെയും ആദ്യം നെടുമ്പന ടിബി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. കുഞ്ഞിന്റെ നില ഗുരുതരമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു കൊണ്ടു പോകാൻ നിർദേശിച്ചു. അമ്മയെയും കുഞ്ഞിനൊപ്പം അതേ ആശുപത്രിയിലേക്കു കൊണ്ടു പോകുകയായിരുന്നു.ഉച്ചയ്ക്ക് 12.30 മുതൽ നെടുമ്പന ഉഗ്രാംകുന്ന് ഭാഗത്ത് മഴയുണ്ടായിരുന്നു. 2 മണി കഴിഞ്ഞതോടെ മഴ നേരിയ തോതിൽ ശമിച്ചെങ്കിലും മിന്നലും ഇടിയും ഉണ്ടായിരുന്നു. കുറച്ച് നാൾ മുൻപും ഇതേ ഭാഗത്ത് ഒരു വീട്ടിൽ ഇടിമിന്നലേറ്റിരുന്നു എന്ന് പഞ്ചായത്തംഗം നിസാമോൾ പറഞ്ഞു. അപകടം അറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ പഞ്ചായത്തംഗം കെഎസ്ഇബി അധികൃതരുമായും വില്ലേജ് ഒ‍ാഫിസറുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ കൈക്കൊണ്ടു.