പ്രിയദർശിനി: 115 ദിവസത്തിൽ സഞ്ചരിച്ചവർ 15 കോടി; ‘എല്ലാ ബസുകളിലും സൗജന്യയാത്ര നിലവിൽ പരിഗണനയിലില്ല’

തിരുവനന്തപുരം ∙ പ്രിയദർശിനി പദ്ധതി ആരംഭിച്ചതു മുതൽ ഒക്ടോബർ 7 വരെയുള്ള 115 ദിവസംകൊണ്ട് ഏകദേശം 15 കോടി വനിത, ട്രാൻസ്ജെൻഡർ യാത്രക്കാർ സൗജന്യമായി യാത്ര ചെയ്തു. 14,99,83,738 പേരാണ് ആകെ യാത്ര ചെയ്തത്. പ്രതിദിനം ശരാശരി 13.05 ലക്ഷം വനിത/ ട്രാൻസ്ജെൻഡർ യാത്രക്കാരാണു സൗജന്യയാത്ര ഉപയോഗിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനു മുൻപുള്ള കണക്കെടുപ്പനുസരിച്ച് ഓർഡിനറി സർവീസുകളിൽ വനിത യാത്രക്കാരുടെ പ്രതിദിന ശരാശരി 6.48 ലക്ഷം മാത്രമായിരുന്നു. 101% വർധനയാണുണ്ടായത്. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രക്കാരുടെ എണ്ണം 94% വർധിച്ചെന്നും കണ്ടെത്തി. മുൻപ് വനിത യാത്രക്കാരുടെ എണ്ണം പ്രതിദിനം ശരാശരി 3128 ആയിരുന്നത് 6061 ആയെന്നാണു കെഎസ്ആർടിസിയുടെ കണക്ക്.

കെഎസ്ആർടിസിയിലെ എല്ലാ ബസുകളിലും സ്ത്രീകൾക്കു സൗജന്യയാത്ര അനുവദിക്കുന്നതും ഓർഡിനറി സർവീസ് ഇല്ലാത്ത സ്ഥലങ്ങളിൽ സ്വകാര്യ ബസുകളിൽ സ്ത്രീകൾക്കു സൗജന്യ യാത്ര അനുവദിക്കുന്നതും നിലവിൽ സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മന്ത്രി സി.പി.ജോൺ നിയമസഭയെ അറിയിച്ചു. സൗജന്യ യാത്ര അനുവദിച്ചതിനെത്തുടർന്ന് സ്വകാര്യ ബസുകൾ നേരിടുന്ന പ്രശ്നം പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സർക്കാർ പരിശോധിക്കുകയാണ്. ഓർഡിനറി ബസുകൾ കൂടുതലുള്ള സ്ഥലങ്ങളിൽനിന്ന് ബസ് സർവീസ് കുറഞ്ഞ സ്ഥലങ്ങളിലേക്കു പുനഃക്രമീകരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.