തിരുവനന്തപുരം ∙ കൂടത്തിൽ തറവാട്ടിലെ ജയമാധവൻനായർ വിവാഹംകഴിക്കാൻ തീരുമാനമെടുത്തതും അതോടെ താൻ നിർമിച്ച വ്യാജ വിൽപത്രം അസാധുവായി സ്വത്തുക്കൾ നഷ്ടമാകുമെന്ന ആശങ്കയുമാണ് കൂടത്തിൽ കേസിലെ മുഖ്യപ്രതി രവീന്ദ്രൻനായരെ കൊലപാതകത്തിനു പ്രേരിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. സംഭവദിവസം രാത്രി വീട്ടിലെത്തിയ രവീന്ദ്രൻനായർ വിവാഹതീരുമാനത്തിൽനിന്നു പിൻമാറാൻ ജയമാധവൻനായരെ നിർബന്ധിച്ചു. ഇതിനു തയാറാകാതെ വന്നതോടെ സുഹൃത്തുക്കളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. 2017 ഏപ്രിൽ രണ്ടിന് പുലർച്ചെ നടന്ന കൊലപാതകത്തിൽ 9 വർഷങ്ങൾക്കുശേഷമാണ് ചുരുളഴിഞ്ഞത്. കൂടത്തിൽ തറവാട്ടിലെ മുൻകാര്യസ്ഥനായ പ്രതി രവീന്ദ്രൻനായർ റിമാൻഡിലാണ്. കൂട്ടുപ്രതികളിൽ ഒരാളായ അനിൽകുമാർ 3 വർഷം മുൻപ് മരിച്ചു. മറ്റൊരു പ്രതി സാജു വിദേശത്താണ്. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
2017 ഏപ്രിൽ ഒന്നിനു രാത്രി എട്ടിന് കാലടി ഉമാമന്ദിരം വീട്ടിലെത്തിയ രവീന്ദ്രൻനായർ, സുഹൃത്തുക്കളായ അനിൽകുമാർ, സാജു എന്നിവരെ അവിടേക്കു വിളിച്ചുവരുത്തി. തുടർന്ന് വിവാഹ ആലോചനകളിൽനിന്ന് പിൻമാറാൻ ജയമാധവൻനായരെ നിർബന്ധിച്ചു. ഇതിനു തയാറാകാത്തതിൽ അരിശംപൂണ്ട രവീന്ദ്രൻനായർ അദ്ദേഹത്തിന്റെ തലപിടിച്ചു ശക്തിയായി മുറിയുടെ ഭിത്തിയിൽ ഇടിച്ചു. വേദനയിൽ ജയമാധവൻ നായർ അലറിക്കരഞ്ഞപ്പോൾ ശബ്ദം പുറത്തുവരാതിരിക്കാൻ അനിലിന്റെയും സാജുവിന്റെയും സഹായത്തോടെ കട്ടിലിൽ പിടിച്ചുകിടത്തി മുഖത്ത് തലയണ അമർത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എ.ഐ.ഷാജി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
മൃതദേഹം മെഡിക്കൽകോളജിൽ എത്തിച്ചതും പ്രതികൾ
കൊലപാതകത്തിനു ശേഷം അവിടെ തുടർന്ന രവീന്ദ്രൻനായരും സഹായികളും പിറ്റേന്നു രാവിലെ ജയമാധവൻനായരുടെ മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചു. ഡോക്ടർ മരണം സ്ഥിരീകരിച്ച ശേഷം കരമന പൊലീസ് സ്റ്റേഷനിലെത്തി രവീന്ദ്രൻനായർ മൊഴി നൽകി. ഏപ്രിൽ ഒന്നിനു രാത്രി പത്തു വരെ ജയമാധവൻനായരുമായി സംസാരിച്ച ശേഷം താൻ ഉറങ്ങാൻകിടന്നുവെന്നും പിറ്റേന്നു രാവിലെ ഏഴു മണിക്ക് പതിവുപോലെ വീട്ടിലെത്തിയപ്പോൾ ഹാളിൽ വാതിലിനു സമീപം ജയമാധവൻനായർ അബോധാവസ്ഥയിൽ വീണുകിടക്കുന്നതു കണ്ടുവെന്നും രവീന്ദ്രൻനായർ പറഞ്ഞു.
തുടർന്ന് താനും വീട്ടുജോലിക്കാരിയും ചേർന്ന് ഓട്ടോയിൽ ആശുപത്രിയിലെത്തിച്ചെന്ന പ്രതിയുടെ മൊഴി അനുസരിച്ചാണ് കരമന പൊലീസ് അന്ന് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഒറ്റയ്ക്കു താമസിച്ചിരുന്ന ജയമാധവൻനായരെ വർഷങ്ങളായി താനാണു സഹായിച്ചിരുന്നതെന്നും അപസ്മാരം മൂലമോ രക്തസമ്മർദം കുറഞ്ഞതു മൂലമോ കാലുകളുടെ വൈകല്യം കാരണമോ ഉണ്ടായ വീഴ്ചയിലാവാം പരുക്കേറ്റതെന്നും രവീന്ദ്രൻനായർ അന്നു പൊലീസിനു മൊഴിനൽകി. പോസ്റ്റ്മോർട്ടത്തിനുശേഷം രവീന്ദ്രൻനായർതന്നെയാണ് ജയമാധവൻനായരുടെ മൃതദേഹം ഏറ്റുവാങ്ങിയതും സംസ്കാരം നടത്തിയതും. ഇതിനുശേഷം വിശദമായ പൊലീസ് അന്വേഷണം നടന്നില്ല. എന്നാൽ ജയമാധവൻനായരുടെ സഹായി മാത്രമായിരുന്ന രവീന്ദ്രൻനായർ പിന്നീട് സ്വത്തിന്റെ അവകാശം ഉന്നയിച്ചതോടെയാണ് ബന്ധുക്കൾക്കു സംശയം ഉടലെടുത്തത്. ഇതാണ് കേസിലെ തുടരന്വേഷണത്തിന് വഴിത്തിരിവായതെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.







