ഡല്ഹി: ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള കോക്രോച്ച് ജനതാ പാര്ട്ടിയുടെ തിരംഗ മാര്ച്ചിന് മുന്പ് ഡല്ഹിയില് നാടകീയരംഗങ്ങള്. താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങിയ സിജെപി കണ്വീനര് അഭിജീത് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയും കയ്യിലേന്തിയാണ് ദീപ്കെ പുറത്തിറങ്ങിയത്. വീടിനു സമീപത്ത് നിന്ന് നടന്ന് മെയിന് റോഡില് എത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര് ദേശീയ പതാകയുമായി മുന്നോട്ട് പോവുകയാണ്.
മാര്ച്ച് നടത്തരുതെന്ന് ഡല്ഹി പൊലീസ് നേരത്തെ നോട്ടിസ് നല്കിയിരുന്നു. പ്രതിഷേധ വേദിയായ കൊണാട്ട് പ്ലേസിലെ സെന്ട്രല് പൊലീസ് നാളെ വരെ അടച്ചിട്ടിരിക്കുകയാണ്. ഡല്ഹി പൊലീസിന്റെ കര്ശന നിയന്ത്രണങ്ങള് മറികടന്നും തിരംഗ മാര്ച്ചുമായി മുന്നോട്ട് പോകാനാണ് കോക്രോച്ച് ജനതാ പാര്ട്ടിയുടെ തീരുമാനം.
അഞ്ച് പേരില് താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസില് ദേശീയ പതാകയുമായി എത്താനാണ് നിര്ദേശം. ദേശീയ പതാക വീശി, ഫോട്ടോ എടുത്ത് ലെഹരാദോ തിരംഗ എന്ന ഹാഷ് ടാഗില് പോസ്റ്റ് ചെയ്യാനും നിര്ദേശമുണ്ട്. ദേശീയപതാക ഉയര്ത്തുന്നത് ക്രിമിനല് കുറ്റമല്ലെന്ന് കാട്ടുകയാണ് ഉദ്ദേശ്യം.









