Headlines

‘ദേശീയ പതാക ഉയര്‍ത്തുന്നതില്‍ എന്താണ് കുറ്റം, മേരാ ദേശ്, മേരാ തിരംഗ’; രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം; നേഹ ബോറയും അഭിജീത് ദീപ്‌കെയും കസ്റ്റഡിയില്‍

ഡല്‍ഹി: പൊലീസിന്റെ കടുത്ത നിയന്ത്രണവും മുന്നറിയിപ്പും തള്ളി, ദേശീയ പതാകയുമായി ഡല്‍ഹി കീഴടക്കി പാറ്റകള്‍. അഭിജീത് ദീപ്‌കെയെ കസ്റ്റഡിയില്‍ എടുത്തിട്ടും, 25,000ത്തോളം അധിക സേനയെ വിന്യസിച്ചിട്ടും പ്രവര്‍ത്തകരുടെ ഒഴിക്കു തടയാന്‍ പൊലീസിന് ആയില്ല. എഎപി, ഐസ, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, എഐഎസ്എഫ്, എഐവൈഎഫ് ക്രാന്തികാരി യുവ സംഘടന്‍ തുടങ്ങിയ സംഘടനകള്‍ വിവിധ ഇടങ്ങളില്‍ നിന്ന് കോണാട് പ്ലേസിലേക്ക് തിരംഗ മാര്‍ച്ച് നടത്തിതോടെ ഡല്‍ഹിയുടെ വീഥികള്‍ ജനസാഗരമായി. (Neha Bora and Abhijeet Dipke in custody)

പ്രതിഷേധത്തിനായി താമസസ്ഥലത്ത് നിന്ന് ഇറങ്ങിയപ്പോഴാണ് അഭിജിത് ദീപ്‌കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മണ്ഡി ഹൗസിലെ പ്രതിഷേധത്തിനിടെ ഐസ അധ്യക്ഷ നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. പൊലീസ് നീക്കം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷമുണ്ടായി.ദേശീയ പതാകയും കയ്യിലേന്തിയാണ് ദീപ്കെ പുറത്തിറങ്ങിയത്. വീടിനു സമീപത്ത് നിന്ന് നടന്ന് മെയിന്‍ റോഡില്‍ എത്തിയതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ദേശീയ പതാകയുമായി മുന്നോട്ട് പോവുകയാണ്.

മാര്‍ച്ച് നടത്തരുതെന്ന് ഡല്‍ഹി പൊലീസ് നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. പ്രതിഷേധ വേദിയായ കൊണാട്ട് പ്ലേസിലെ സെന്‍ട്രല്‍ പൊലീസ് നാളെ വരെ അടച്ചിട്ടിരിക്കുകയാണ്. ഡല്‍ഹി പൊലീസിന്റെ കര്‍ശന നിയന്ത്രണങ്ങള്‍ മറികടന്നും തിരംഗ മാര്‍ച്ചുമായി മുന്നോട്ട് പോകാനാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ തീരുമാനം.

അഞ്ച് പേരില്‍ താഴെയുള്ള സംഘങ്ങളായി കൊണാട്ട് പ്ലേസില്‍ ദേശീയ പതാകയുമായി എത്താനാണ് നിര്‍ദേശം. ദേശീയ പതാക വീശി, ഫോട്ടോ എടുത്ത് ലെഹരാദോ തിരംഗ എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാനും നിര്‍ദേശമുണ്ട്. ദേശീയപതാക ഉയര്‍ത്തുന്നത് ക്രിമിനല്‍ കുറ്റമല്ലെന്ന് കാട്ടുകയാണ് ഉദ്ദേശ്യം.