തിരുവനന്തപുരം ∙ പിണറായി വിജയൻ അടക്കമുള്ളവർ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളിയതോടെ, സിഎംആർഎൽ – എക്സാലോജിക് പണമിടപാടിൽ വിജിലൻസ് അന്വേഷണം മുന്നോട്ട്. ഒപ്പം, ഇ.ഡിയും അന്വേഷണത്തിലേക്കു കടക്കുകയാണ്. ഒരേസമയം, കേന്ദ്ര, സംസ്ഥാന ഏജൻസികളുടെ അന്വേഷണമുനയിൽ നിൽക്കുന്നതു ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് പിണറായിയും മറ്റും ഹൈക്കോടതിയിലെത്തിയത്. ഇനി അവർ സുപ്രീം കോടതിയെ സമീപിക്കും.
അതേസമയം, പിണറായി അടക്കമുള്ളവർക്കെതിരെ നേരിട്ട് കേസെടുക്കാതെ പ്രാഥമികാന്വേഷണത്തിന് ഊന്നൽ നൽകിയ സർക്കാർ നിലപാടിൽ അമർഷമുള്ളവർ കോൺഗ്രസിലുണ്ട്. ഉമ്മൻ ചാണ്ടിക്കു കിട്ടാത്ത നീതിയാണു പിണറായിക്കു നൽകുന്നതെന്ന് ഇന്നലെ ചേർന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ വിമർശിച്ചു. നിയമവശങ്ങളെല്ലാം പരിശോധിച്ച് ശരിയായ നിലപാടാണു സർക്കാർ സ്വീകരിച്ചതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മറുപടി നൽകി. സിഎംആർഎൽ – എക്സാലോജിക് ഇടപാട് സംബന്ധിച്ച് പൊലീസ് മേധാവിക്ക് ഇ.ഡി കത്ത് നൽകിയതിനു പിന്നാലെ നേരിട്ട് കേസെടുക്കണമെന്നാവശ്യപ്പെട്ടു രമേശ് ചെന്നിത്തലയ്ക്കു മാത്യു കുഴൽനാടൻ കത്ത് നൽകിയിരുന്നു.
എന്നാൽ, നേരിട്ട് കേസെടുത്തിരുന്നെങ്കിൽ പിണറായിക്കെതിരെ പ്രതികാരം ചെയ്യുകയാണ്, കേന്ദ്ര ഏജൻസിയുടെ വാക്ക് കേട്ട് കേസിലേക്ക് ചാടിപ്പുറപ്പെട്ടു, അന്വേഷണത്തിൽ അനാവശ്യ തിടുക്കംകാട്ടി തുടങ്ങിയ ആരോപണങ്ങൾ സർക്കാരിനെതിരെ ഉയരുമായിരുന്നുവെന്നാണ് രമേശിന്റെ വാദം. മുഖ്യമന്ത്രിയും അതിനോടു യോജിക്കുന്നു. കേസ് റജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി തന്നെ ഉത്തരവിട്ടതോടെ, പ്രതികാരരാഷ്ട്രീയം അടക്കമുള്ള ആരോപണങ്ങൾ ഇനി സർക്കാരിനെതിരെ സിപിഎമ്മിന് ഉയർത്താനാവില്ല. അതുകൊണ്ടുതന്നെ, ‘അനുകൂലവിധി’യാണിതെന്നു സർക്കാർ കണക്കുകൂട്ടുന്നു.
∙ എജി പറഞ്ഞത് സർക്കാരിന്റെ അഭിപ്രായം തന്നെ: മുഖ്യമന്ത്രി
സിഎംആർഎൽ – എക്സാലോജിക് കേസിൽ സർക്കാർ നിർദേശിക്കാത്ത ഒരു കാര്യവും അഡ്വക്കറ്റ് ജനറൽ (എജി) കോടതിയിൽ പറഞ്ഞിട്ടില്ലെന്നു മുഖ്യമന്ത്രി വി.ഡി.സതീശൻ. ആഭ്യന്തര മന്ത്രി ഉൾപ്പെടെ എല്ലാ മുതിർന്ന മന്ത്രിമാരോടും യുഡിഎഫ് നേതാക്കളോടും ആലോചിച്ചാണ് പിണറായിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഇ.ഡി റിപ്പോർട്ട് ലഭിച്ചപ്പോൾ എജിയുടെയും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെയും ഉപദേശ പ്രകാരമാണ് പ്രാഥമികാന്വേഷണം നടത്തിയ ശേഷം എഫ്ഐആർ മതിയെന്നു തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.









