ന്യൂഡൽഹി∙ നാളെ നടക്കുന്ന സിജെപി പ്രതിഷേധം തടയാതെ ഡൽഹി ഹൈക്കോടതി. കോണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നയിക്കുന്ന പ്രതിഷേധം തടയാനാണ് ഡൽഹി ഹൈക്കോടതി വിസമ്മതിച്ചത്. അതേസമയം, പ്രതിഷേധം നിയന്ത്രണ വിധേയമാക്കാൻ ‘സാധ്യമായ എല്ലാ മാർഗങ്ങളും’ സ്വീകരിക്കുമെന്ന് ഡൽഹി പൊലീസിനോട് കോടതി ഉറപ്പുവാങ്ങി. സെൻട്രൽ പാർക്കിലെ പ്രതിഷേധം വ്യാപാരം തടസ്സപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി പാലിക ബസാറിലെ തെരുവുകച്ചവടക്കാരനായ അനിൽ കുമാർ ഗുപ്തയെന്നയാൾ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നടപടി. ദസറ സീസണിൽ വാരാന്ത്യ ദിവസങ്ങളിൽ നടത്തുന്ന പ്രതിഷേധം വ്യാപാരത്തെ ബാധിക്കുമെന്ന് ഹർജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. കോണാട്ട് പ്ലേസ് സമരത്തിനുള്ള സ്ഥലമല്ലെന്നും പ്രതിഷേധം തടയണമെന്നുമായിരുന്നു ആവശ്യം. എന്നാൽ പ്രതിഷേധം തടയാൻ കോടതി തയ്യാറായില്ല. കേസ് വീണ്ടും നവംബർ മൂന്നിന് പരിഗണിക്കും. ഒക്ടോബർ 16ന് ‘ലെഹ്രാ ദോ തിരംഗ’ എന്ന പേരിൽ പ്രതിഷേധം നടത്തുമെന്ന് അഭിജീത് ദിപ്കെ പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ പാർക്കിൽ വൈകിട്ട് 5ന് ദേശീയ പതാകയുമായി എത്തണമെന്നാണ് സിജെപി ആഹ്വാനം ചെയ്തിട്ടുള്ളത്. ഒക്ടോബർ 10ലെ പ്രതിഷേധത്തിനു പിന്നാലെ സിജെപി വക്താക്കളായ സൗരവ് ദാസിനെയും അശുതോഷ് റാംകയെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചാണ് പുതിയ സമരം.
നാളത്തെ സിജെപി പ്രതിഷേധം തടയാൻ വിസമ്മതിച്ച് ഡൽഹി ഹൈക്കോടതി; നിയന്ത്രിക്കാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കുമെന്ന് പൊലീസ്









