Headlines

മൂന്നുപേരെ വാഹനമിടിപ്പിച്ച് കൊന്നയാളെ സര്‍ക്കാര്‍ ബോസ്റ്റല്‍ സ്‌കൂളിലേക്ക് വിട്ടെന്ന് പ്രചരണമുണ്ടായി, ഇത് ചെയ്യുന്നത് സര്‍ക്കാരാണോ? നിയമവും കോടതിയുമല്ലേ?: മുഖ്യമന്ത്രി

തിരുവനന്തപുരം: നെടുമ്പാശ്ശേരി വാഹനാപകടം, പിണറായി വിജയനെതിരായ കേസ്, മന്ത്രിമാരുടെ വിദേശയാത്ര തുടങ്ങി വിവിധ വിവാദ വിഷയങ്ങളില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. മിനി കൂപ്പര്‍ വാഹനാപകട കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമമെന്ന ആരോപണങ്ങളെ മുഖ്യമന്ത്രി പൂര്‍ണമായി തള്ളി. പിണറായി വിജയനേയും കുടുംബത്തേയും രാഷ്ട്രീയമായി വേട്ടയാടുന്നുവെന്ന് പറയാന്‍ ഒരു തരത്തിലും ഇടനല്‍കാത്ത വിധത്തിലാണ് സര്‍ക്കാര്‍ ഇടപെട്ടതെന്ന് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. (cm vd satheesan on nedumbassery accident case)

മൂന്നുപേരെ വാഹനമിടിപ്പിച്ച് കൊന്നയാളെ സര്‍ക്കാര്‍ ബോസ്റ്റല്‍ സ്‌കൂളിലേക്ക് വിട്ടെന്ന് പ്രചരണമുണ്ടായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചില മാധ്യമങ്ങള്‍ ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ നല്‍കി. പ്രതിയെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് വിടുന്നത് സര്‍ക്കാരാണോ എന്ന് അദ്ദേഹം ചോദിച്ചു. പ്രതിക്ക് 21 വയസാകാത്തതിനാല്‍ ബോസ്റ്റല്‍ സ്‌കൂളിലേക്ക് വിടുന്നത് സര്‍ക്കാരും കോടതിയുമാണെന്ന് അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിച്ചെന്ന ആരോപണത്തിന് ആഭ്യന്തര വകുപ്പ് മന്ത്രി വിശദമായി മറുപടി നല്‍കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.രാഷ്ട്രീയ പകപോക്കലിനുള്ള ഒരു ശ്രമങ്ങളും പിണറായി വിജയനെതിരെ കേസെടുത്തതില്‍ ആരോപിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൃത്യമായ നിയമോപദേശങ്ങള്‍ക്കും വിധികള്‍ വിലയിരുത്തിക്കൊണ്ടുമാണ് കേസെടുത്തത്. സര്‍ക്കാര്‍ പറയാത്ത ഒന്നും എജി കോടതിയില്‍ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ വാദത്തിന്റെ ഉത്തരവാദിത്തങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. ഇക്കാര്യത്തില്‍ മുതിര്‍ന്ന മന്ത്രിമാരോട് വിശദമായി കൂടിയാലോചന നടത്തി. പെറ്റിഷണര്‍ക്കെതിരെ സര്‍ക്കാര്‍ നിലപാടറിയിച്ചു. എല്ലാം നിയമത്തിന്റെ വഴിയ്ക്കാണ് നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ വിദേശയാത്രകള്‍ എല്ലാം കേന്ദ്രത്തിന്റെ അനുമതിയോടെയാണെന്നും ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞു.