തൃശൂർ: തളിക്കുളം പഞ്ചായത്ത് പ്രസിഡന്റിന് നേരെ ബിജെപി ആക്രമണമെന്ന് പരാതി. പഞ്ചായത്ത് ഓഫീസിലെത്തിയ പ്രസിഡന്റ് ഷീബ അജയകൃഷ്ണനെ ബിജെപി പ്രവർത്തകർ ആക്രമിച്ചെന്ന് പരാതി. ആക്രമണത്തിൽ പരിക്കേറ്റ ഷീബയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി നേതാവ് ഭഗീഷ് പൂരാടന്റെ നേതൃത്വത്തിൽ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതായും പരാതി. സംഭവത്തിൽ ബിജെപി പ്രവർത്തകർക്കെതിരെ വലപ്പാട് പൊലീസ് കേസെടുത്തു.
ഇന്നലെയും പാലക്കാട് സമാന രീതിയിൽ സംഭവം ഉണ്ടായി. ഉത്സവത്തിനിടെ ബിജെപി പ്രവര്ത്തകര് ആക്രമിച്ചുവെന്ന പരാതിയുമായി യുവതി രംഗത്തെത്തി. പാലക്കാട് ആലത്തൂര് തരൂര് സ്വദേശിനിയാണ് പരാതി നൽകിയത്. തരൂര് പഴമ്പാലക്കോട് ഭജന മഹോത്സവത്തിനിടെ പരാതിക്കാരിയെയും ഇവരുടെ അമ്മാവനെയും പരിപാടിയുടെ സംഘാടകരായ ബിജെപി പ്രവര്ത്തകര് ആക്രമിക്കുകയായിരുന്നു.
അമ്മാവനെ ആക്രമിക്കുന്നത് തടയാന് ശ്രമിച്ചപ്പോളാണ് തനിക്ക് നേരെ മര്ദനം ഉണ്ടായതെന്നും പരാതിയില് പറയുന്നു. ഒക്ടോബര് 11നായിരുന്നു സംഭവം. യുവതിയുടെ പരാതിയില് ബിജെപി നേതാവും തരൂര് പഞ്ചായത്ത് ജനറല് സെക്രട്ടറിയുമായ കൃഷ്ണകുമാര് ഉള്പ്പെടെ ആറ് പേര്ക്കെതിരെ കേസെടുത്തു. ആലത്തൂര് പൊലീസിന്റേതാണ് നടപടി.






