Headlines

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളുടെയും മേൽനോട്ട ചുമതല മാരിടൈം ബോർഡിന്, ചെയർപേഴ്സൺ മുഖ്യമന്ത്രി; ബില്ലിന്റെ വിശദാംശങ്ങൾ പുറത്ത്

തിരുവനന്തപുരം: നിയമസഭയിൽ അവതരിപ്പിച്ച മാരിടൈം ബോർഡ് ബില്ലിന്റെ വിശദാംശങ്ങൾ പുറത്ത്. തുറമുഖ മേഖലയിൽ സ്വകാര്യ നിക്ഷേപ നയങ്ങൾ നടപ്പാക്കുന്നതിന് സർക്കാരിനോട് മാരിടൈം ബോർഡിന് ശിപാർശ ചെയ്യാം. മാരിടൈം ബോർഡിന്റെ ചെയർപേഴ്സൺ മുഖ്യമന്ത്രിയും വൈസ് ചെയർപേഴ്സൺ തുറമുഖ മന്ത്രിയും ആയിരിക്കും. സംസ്ഥാനത്ത് വലിയ രീതിയിലുള്ള തുറമുഖ വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ തുറമുഖങ്ങളുടെയും മേൽനോട്ട ചുമതല മാരിടൈം ബോർഡിനായിരിക്കും. എല്ലാ തുറമുഖങ്ങളുടെയും നാവിഗേഷൻ നിയന്ത്രിക്കുന്നത് മാരിടൈം ബോർഡായിരിക്കുമെന്നും ബില്ലിൽ പറയുന്നു. മാരിടൈം ബില്ല് നിയമസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. തുറമുഖങ്ങളുടെ സേവനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യത്തിൽ ലൈസൻസിംഗ് ഏർപ്പെടുത്തും. തീരദേശ സംരക്ഷണത്തിന്റെ ഏജൻസി ആയിരിക്കും മാരിടൈം ബോർഡെന്നും ബില്ല്.

കപ്പൽ ഗതാഗതവും അനുബന്ധ പ്രവർത്തനങ്ങൾക്കും വേണ്ടി എല്ലാ കാര്യങ്ങളും മാരി ടൈം ബോർഡ് ഏറ്റെടുക്കും. തുറമുഖ വികസനത്തിനുവേണ്ടി സർക്കാരിന് കീഴിലുള്ള ഭൂമി മാരിടൈം ബോർഡിന് ഏറ്റെടുക്കാം. തുറമുഖവുമായി ബന്ധപ്പെട്ട സർക്കാരിന്റെയും സ്വകാര്യ വ്യക്തികളുടെയും ഭൂമി ഏറ്റെടുക്കാനുള്ള പ്രവർത്തികൾ മാരിടൈം ബോർഡിനായിരിക്കും. ലോകത്തിലെ അക്കാദമിക് പ്രോഗ്രമുകൾ എല്ലാം പോർട്ട്‌ സിറ്റിയുടെ ഭാഗമാക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.