ഡല്ഹി: പൊലീസിന്റെ ക്രൂരതകള് വിവരിച്ച് വിദ്യാര്ഥികള്. ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല് ഗാന്ധിയ്ക്കൊപ്പം മാധ്യമങ്ങളെ കണ്ടാണ് അനുഭവങ്ങള് പങ്കുവച്ചത്. പൊലീസ് മര്ദനത്തില് മലയാളി വിദ്യാര്ഥി ആതിരയ്ക്ക് ഒരു ചെവിയുടെ കേള്വി നഷ്ടമായെന്ന് രാഹുല് ഗാന്ധി പറഞ്ഞു. സിസിടിവി ഇല്ലാത്തിടത്ത് കൊണ്ടുപോയി രണ്ട് പൊലീസുകാര് തന്നെ മാറിമാറി മര്ദിച്ചെന്ന് ആതിരയും പറഞ്ഞു. (Students recount the brutality of the Delhi Police)
ആതിരയ്ക്ക് തന്റെ ഒരു ചെവിയുടെ കേള്വിശക്തി നഷ്ടപ്പെട്ടു. ആ ചെവി അവള്ക്ക് കേള്ക്കുന്നില്ല – രാഹുല് ഗാന്ധി പറഞ്ഞു. സമരക്കാരെ കസ്റ്റഡിയിലെടുക്കുമ്പോള് ബസില് വനിതാ പൊലീസ് ഉദ്യോഗസ്ഥര് ഉണ്ടായിരുന്നില്ലെന്ന് ആതിര ആരോപിച്ചു. ഇന്നലെ അവര് ഞങ്ങളെ തടഞ്ഞുവെച്ചപ്പോള്, ബസില് വനിതാ പൊലീസ് ഉദ്യോഗസ്ഥര് ഉണ്ടായിരുന്നില്ല.നാല് പേര് ചേര്ന്നാണ് തന്നെ മര്ദിച്ചത്. കസ്റ്റഡിയിലെടുക്കുമ്പോള് ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയെങ്കിലും വേണമെന്നാണ് ഞങ്ങള് ആവശ്യപ്പെട്ടത്. അത് ചോദിച്ചതിനാണ് ഞങ്ങളെ ഇത്രയധികം ഉപദ്രവിച്ചത്. എനിക്ക് തടയാന് പറ്റിയില്ല. പൊലീസ് അല്ല ഞങ്ങളെ ഉപദ്രവിച്ചതെന്നാണ് അവര് പറയുന്നു. എന്റെ കണ്ണില് രക്തം കട്ടപിടിച്ചിരിക്കുകയാണ്. ചെവി കേള്ക്കാന് ബുദ്ധിമുട്ട് ഉണ്ട് – ആതിര പറഞ്ഞു.
മര്ദനമേറ്റ ഋതു ബരേലയെന്ന വിദ്യാര്ഥിയെ സിംഹക്കുട്ടിയെന്നാണ് രാഹുല് ഗാന്ധി വിശേഷിപ്പിച്ചത്. ഭയന്ന് പിന്മാറില്ലെന്ന് ഋതുവിന്റെ പ്രതികരണം.
വെടിയുണ്ടകള് വന്നാലും പിന്മാറില്ലെന്ന് മര്ദനത്തില് പരുക്കേറ്റ മറ്റ് വിദ്യാര്ഥികളും പറഞ്ഞു. വിദ്യാര്ഥികളെ ഉപദ്രവിച്ച മുഴുവന് പേര്ക്കും ശിക്ഷ വാങ്ങി നല്കുമെന്ന് രാഹുല് ഗാന്ധി പറഞ്ഞു. മുഴുവന് തെളിവുകളും കൈവശമുണ്ടെന്നും രാഹുല് പറഞ്ഞു.






