തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ഇ.ഡിയോട് രേഖകള് ആവശ്യപ്പെട്ട് വിജിലന്സ്. മാസപ്പടി,ഹവാല ഇടപാട് രേഖകളും ഇഡി അന്വേഷണത്തിലെ തെളിവുകളുമാണ് ആവശ്യപ്പെട്ടത്. അതിനിടെ പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ മൂന്നു പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചു. (Vigilance seeks evidence from the ED in masappadi case)
കോടതി നിര്ദ്ദേശ പ്രകാരം വിജിലന്സ് രജിസ്റ്റര് ചെയ്ത പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെയുള്ള കേസുകള് രണ്ടു എസ്ഐടികളാണ് അന്വേഷിക്കുന്നത്.തുടര് അന്വേഷണത്തിന്റെ ഭാഗമായി ഇഡിയില് നിന്നും വിവരങ്ങള് ലഭിക്കാന് വിജിലന്സ് കത്ത് നല്കി. ഇഡി പോലീസ് മേധാവിക്ക് നല്കിയ റിപ്പോര്ട്ടില് പറയുന്ന മാസപ്പടി ഇടപാടിന്റെ വിവരങ്ങള്, ഹവാല ഇടപാട് സംശയിക്കുന്ന തെളിവുകള് ഉള്പ്പടെയുള്ള കാര്യങ്ങള് എന്നിവയാണ്വിജിലന്സ് ആവശ്യപ്പെട്ടിരിക്കുന്നത്.ഇഡി അന്വേഷണത്തിന്റെ ഭാഗമായി മൊഴിയുടെ വിശദാംശങ്ങളും തേടിയിട്ടുണ്ട്.രേഖകളുടെ പരിശോധന പൂര്ത്തിയാക്കിയ ശേഷം ചോദ്യം ചെയ്യല് നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.പിണറായി വിജയന് പ്രതിയായ കേസ് എസ്.പി ഇഎല് സുരേഷിന്റെ നേതൃത്വത്തിലും,മുഹമ്മദ് റിയാസ് പ്രതിയായ കേസ് എസ്.പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുമായിരിക്കും അന്വേഷിക്കുക. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില് സിപിഐഎം പ്രവര്ത്തകരായ മൂന്ന് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് തിരുവനന്തപുരം ജുഡീഷ്യല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് അപേക്ഷ സമര്പ്പിച്ചത്.
ഉണ്ണികൃഷ്ണന്, ദിനീത്,രേവന്ത് എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം.കന്റോണ്മെന്റ് എസ്.ഐ ഗോകുലിന്റെ വീട്ടിലേക്ക് നടത്തിയ മാര്ച്ചില് ഇവരെ പ്രതി ചേര്ത്തിരുന്നു.സമാനമായ കുറ്റകൃത്യങ്ങളില് പ്രതികളെ ഏര്പ്പെട്ടതിനാല് പ്രതികള് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നാണ് പോലീസ് നിലപാട്.









