Headlines

സുഹൈലിന്റെ വാഹനത്തിനുള്ളിൽ രണ്ട് പേർ കൂടി, അപകടശേഷം സ്ഥലംവിട്ടു; ബാറുകൾക്കെതിരെ കേസ്

നെടുമ്പാശേരി / കാക്കനാട് ∙ മദ്യലഹരിയിൽ യുവാവ് ഓടിച്ച ആഡംബര കാറിടിച്ചു സ്കൂട്ടർ യാത്രക്കാരായ 3 യുവാക്കൾ മരിച്ച സംഭവത്തിൽ 2 പേർ കൂടി പൊലീസ് കസ്റ്റഡിയിൽ. ആലപ്പുഴ സ്വദേശികളായ ജോയൽ (19), അമീൻ (19) എന്നിവരെയാണു നെടുമ്പാശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കാർ ഓടിച്ചിരുന്ന ആലപ്പുഴ ആലിശേരി സുഹൈൽ സജീവിനൊപ്പം ഇവരും കാറിലുണ്ടായിരുന്നു. ഞായറാഴ്ച പുലർച്ചെ വിമാനത്താവള റോ‍ഡിൽ അത്താണിയിലായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ കാർ, സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു അപകടത്തിൽ കർണാടക സുള്ള്യ സ്വദേശി ഇയാസ് ഇബ്രാഹിം (21), വയനാട് കൽപറ്റ സ്വദേശി കെ.വി.ദേവിക (21), പാലക്കാട് മണ്ണാർക്കാട് സ്വദേശി എം.പി.ഗോപിക (21) എന്നിവരാണു കൊല്ലപ്പെട്ടത്.സുഹൈലിനൊപ്പം പിടിയിലായ നിനവിനെ ചോദ്യം ചെയ്തപ്പോഴാണു മറ്റു 2 പേർ കൂടി വാഹനത്തിൽ ഉണ്ടായിരുന്നതായി വ്യക്തമായത്. ഇവർ അപകടശേഷം സംഭവസ്ഥലത്തു നിന്നു മറ്റൊരു വാഹനത്തിൽ സ്ഥലംവിട്ടിരുന്നു. തുടർന്ന് ജോയലിനെയും അമീനെയും ആലപ്പുഴയിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെയും പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ ഇന്നലെ രാത്രി കോടതിയിൽ ഹാജരാക്കി.അപകടത്തിനു കാരണം കാറിന്റെ അമിതവേഗം തന്നെയെന്നു മോട്ടർ വാഹന വകുപ്പു കണ്ടെത്തി. സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടം സംബന്ധിച്ച പ്രാഥമിക റിപ്പോർട്ട് വകുപ്പു സർക്കാരിനു സമർപ്പിച്ചു. കാറിലെ ഇലക്ട്രോണിക്സ് കൺട്രോൾ മൊഡ്യൂൾ പരിശോധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ കമ്പനിയോടു നിർദേശിച്ചിട്ടുണ്ട്. അപകടസമയത്തു കാർ എത്ര വേഗത്തിലായിരുന്നു എന്നു കണ്ടെത്താൻ ഇതിലൂടെ കഴിയും. റിമാൻഡിൽ പാർപ്പിച്ചിരിക്കുന്ന ബോസ്റ്റൽ ഹോമിൽ നിന്നു സുഹൈൽ പുറത്തിറങ്ങിയാലുടൻ ഹിയറിങ് പൂർത്തിയാക്കി ലൈസൻസ് സസ്പെൻഡ് ചെയ്യാനാണു തീരുമാനം. സുഹൈലിന്റെ മോചനം വൈകിയാൽ ലൈസൻസ് സസ്പെൻഷനു നിയമപ്രകാരമുള്ള മറ്റു നടപടികൾ കൈക്കൊള്ളും. അപകടം സൃഷ്ടിച്ച കാർ സെക്കൻഡ് ഹാൻഡായാണു സുഹൈലിന്റെ പിതാവു വാങ്ങിയത്.പ്രതിയുടെ രക്തത്തിന്റേതുൾപ്പെടെ സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും വാഹനങ്ങളുടെ ഫൊറൻസിക് പരിശോധന പൂർത്തിയാക്കിയതായും റൂറൽ എസ്പി കെ.എസ്.സുദർശൻ പറഞ്ഞു. കേസിന്റെ അന്വേഷണം ആലുവ ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലാണ്. ആവശ്യമെങ്കിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുമെന്നും എസ്പി പറഞ്ഞു.അതേസമയം, മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചു 3 പേരുടെ മരണത്തിനിടയാക്കിയ അപടമുണ്ടാക്കിയ സുഹൈൽ സജീവിനു മദ്യം വിളമ്പിയ 3 ബാർ ഹോട്ടലുകൾക്ക് എതിരെ എറണാകുളം ഡപ്യൂട്ടി എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട്. മദ്യപിക്കുന്നതിനുള്ള നിയമാനുസൃതമായ പ്രായം (23 വയസ്സ്) തികയാത്ത സുഹൈലിനു മദ്യം നൽകിയതു ലൈസൻസ് നിബന്ധനകളുടെ ലംഘനമായതിനാൽ നടപടിയെടുക്കാൻ നിർദേശം നൽകിയാണ് എക്സൈസ് കമ്മിഷണർക്ക് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചത്. ബാറുകൾക്കെതിരെ അബ്കാരി നിയമപ്രകാരം ലൈസൻസ് നിബന്ധനകൾ ലംഘിച്ചതിനും പ്രായം തികയാത്ത വ്യക്തിക്കു മദ്യം നൽകിയതിനുമെതിരെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. ഈ കേസിൽ സാധാരണഗതിയിൽ ഒരു ലക്ഷം രൂപ പിഴയാണു ബാറുകൾക്ക് ഇടാക്കുക. എന്നാൽ, ആവശ്യമെങ്കിൽ ബാറുകളുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടിയും എക്സൈസ് കമ്മിഷണർക്കു സ്വീകരിക്കാം.വൈറ്റിലയിലെ ദയ ബൈ റിനൈ, എൻഎച്ച് ബൈപാസിൽ പാലാരിവട്ടത്തെ മൺസൂൺ എംപ്രസ്, നെടുമ്പാശേരിയിലെ മാരിയറ്റ് എന്നിവയ്ക്കെതിരെയാണു റിപ്പോർട്ട്. പ്രതി മൂന്നു ബാറുകളിലുമെത്തി മദ്യപിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ബാറുകളിലെ മാനേജർമാരെയും ചോദ്യം ചെയ്തു. പ്രതിയുടെ ഫോണിലും മദ്യം കഴിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളുണ്ടായിരുന്നു. സുഹൈലിനെ കോടതിയുടെ അനുമതിയോടെ എക്സൈസ് ചോദ്യം ചെയ്യും.