Headlines

വീട്ടിൽനിന്ന് കാണാതായി; മണിക്കൂറുകൾക്കകം കൃഷി ശാസ്ത്രജ്ഞന്റെ മകളെ മരിച്ച നിലയിൽ കണ്ടെത്തി, ‘ഗാർഡ് പിന്തുടർന്നു’

ഹൈദരാബാദ്∙ തെലങ്കാനയിൽ കൃഷി ശാസ്ത്രജ്ഞന്റെ അഞ്ചു വയസ്സുകാരിയായ മകളെ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിൽനിന്ന് കാണാതായി മണിക്കൂറുകൾക്കുള്ളിലാണ് കുട്ടിയെ മറ്റൊരിടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പിതാവിനൊപ്പം കോക്കൂറിലെ റെസിഡൻഷ്യൽ കോംപ്ലക്സിൽ താമസിച്ചുവരികയായിരുന്ന പെൺകുട്ടിയെ ശനിയാഴ്ചയാണ് കാണാതായത്. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു വില്ലയിലെ റെസിഡൻഷ്യൽ കോംപ്ലക്സിന്റെ ക്ലബ്ഹൗസ് നിലവറയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിനു പിന്നിൽ വിക്രം എന്ന സുരക്ഷാ ഗാർഡാണെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇയാൾ മോചനദ്രവ്യമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും സംശയിക്കുന്നുണ്ട്. കുട്ടി ഇയാൾക്കൊപ്പമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ കണ്ടെത്തുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് റിപ്പോർട്ട്. ശനിയാഴ്ചയാണ് കുട്ടിയെ കാണാതാകുന്നത്. അന്നു രാത്രി ഒൻപതോടെയാണ് മൃതദേഹം കണ്ടെത്തുന്നത്. സുരക്ഷാ ഗാർഡ് പൺകുട്ടിയെ പിന്തുടരുന്നതാണ് സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്. ഇയാൾ രണ്ടു ദിവസമായി സംശായാസ്പദമായ സാഹചര്യത്തിൽ ഇവിടെ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നെന്ന് വിവരം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.