തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനിൽ സാമ്പത്തിക ക്രമക്കേട് നടന്നതായി വിജിലൻസ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് പുറത്തുവന്നത്. സിറ്റിംഗ് നടത്തിയതിൽ അടക്കം കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തുക അധികമായി എഴുതിയെടുത്തു എന്നാണ് കണ്ടെത്തൽ. വിജിലൻസ് കണ്ടെത്തിയ പല ബില്ലുകളിലും വൈരുദ്ധ്യമുണ്ട്. 2022 മുതൽ 2025 വരെയുള്ള കാലയളവിലെ രേഖകളാണ് വിജിലൻസ് പരിശോധിച്ചത്.
വനിതാ കമ്മീഷൻ സംഘടിപ്പിച്ച വിവിധ പരിപാടികൾ, സിറ്റിങ്ങുകൾ ഇതുമായി ബന്ധപ്പെട്ട രേഖകളും ബില്ലുകളും വിജിലൻസ് ശേഖരിച്ചു. 5000 രൂപയിൽ താഴെ മാത്രം ചിലവ് വരുന്ന പരിപാടികൾക്ക് മുപ്പതിനായിരം രൂപയിലധികാണ് എഴുതിയെടുത്തത്. വിശദമായ പരിശോധന വീണ്ടും നടത്തണമെന്ന് വിജിലൻസ് ആവശ്യപ്പെട്ടു.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വനിതാ കമ്മീഷൻ സജീവമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടികളുടെ ഭാഗമായാണ് സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്. പി സതീദേവി അധ്യക്ഷയായിരുന്ന കാലത്താണ് ഈ ക്രമക്കേടുകൾ നടന്നിരിക്കുന്നത്. വരും ദിവസങ്ങളിൽ വിശദമായ അന്വേഷണം വിജിലൻസിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാം.









