ചെന്നൈ ∙ ഇന്ത്യൻ ജനാധിപത്യത്തെ ‘മൊഗാംബോ മോദി’ തകർക്കുകയാണെന്നും രാജ്യത്തിനെതിരെ ചെയ്ത കുറ്റങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി വില നൽകേണ്ടി വരുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ആയിരക്കണക്കിനു വിദ്യാർഥികൾ അണിനിരന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ സംവദിക്കുകയായിരുന്നു അദ്ദേഹം. വോട്ട് കൊള്ളയ്ക്കു നേതൃത്വം നൽകുന്ന നരേന്ദ്ര മോദി പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണ്. ജനരോഷം ഭയന്നു ഡൽഹിയിൽ എല്ലാം അടച്ചുപൂട്ടിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിദ്യാർഥികളെ മർദിക്കാൻ ബിജെപി ഗുണ്ടകളാണു മുന്നിലുള്ളത്.കഴിഞ്ഞ 15 വർഷമായി മോദി നടത്തുന്ന നാടകം അവസാനിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. 1987ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ സിനിമയായ ‘മിസ്റ്റർ ഇന്ത്യ’യിലെ വില്ലൻ കഥാപാത്രമായ ‘മൊഗാംബോ’യുമായി പ്രധാനമന്ത്രിയെ രാഹുൽ ഉപമിച്ചു. ഇതുമായി ബന്ധപ്പെട്ട എഐ ചിത്രീകരണവും വേദിയിൽ പ്രദർശിപ്പിച്ചു. പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും തമിഴ് സംസ്കാരത്തിനും ഭാഷയ്ക്കും ചരിത്രത്തിനുമെതിരാണെന്നും രാഹുൽ ആരോപിച്ചു.
15 വർഷത്തെ നാടകം അവസാനിക്കാൻ പോകുന്നു; മോദി കണക്ക് പറയുന്ന ദിവസം അകലെയല്ല: രാഹുൽ ഗാന്ധി







