കൊച്ചി: സിപിഐഎം പാലക്കാട് ജില്ലാ മുന്‍ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിന് എതിരെയുള്ള ആരോപണത്തില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയനെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പ്രതിചേര്‍ക്കണമെന്ന് പരാതി. കെപിസിസി സെക്രട്ടറി ജോണ്‍ ഡാനിയലാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി സംബന്ധിച്ച് അറിവുണ്ടായിട്ടും വിവരം പൊലീസിന് കൈമാറിയില്ല എന്നാണ് ആരോപണം. ഇ എന്‍ സുരേഷ് ബാബുവിനെതിരെയുള്ള പരാതി പൊതുതാത്പര്യ പ്രകാരം നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
സംഭവത്തില്‍ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. പരാതി പൊലീസിന് കൈമാറാന്‍ സിപിഐഎം നേതൃത്വം തയാറാകണമെന്നാണ് ആവശ്യം.അതിനിടെ, ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ നിലപാട് എന്താകുമെന്നതിലും ആകാംക്ഷ തുടരുകയാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നുള്ള മാറ്റത്തിന് പിന്നാലെ സുരേഷ് ബാബുവിനെതിരായ ആരോപണം കൂടി ഉയര്‍ന്നതോടെ പാലക്കാട് സിപിഐഎമ്മിലെ ആഭ്യന്തര വിവാദങ്ങള്‍ വീണ്ടും ചര്‍ച്ചയാകുകയാണ്. .വിഷയത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന് പ്രതികരിച്ചില്ല. ആരോപണത്തില്‍ തുടര്‍നടപടികള്‍ എന്താകുമെന്നതാണ് ഇനി നിര്‍ണായകം.
വനിതാ അഭിഭാഷകയോട് ഇ. എന്‍ സുരേഷ്ബാബു മോശമായി പെരുമാറിയെന്ന ആരോപണമാണ് ഇപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നത്. ആരോപണത്തില്‍ സുരേഷ്ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് സുരേഷ്ബാബുവിനെ മാറ്റിയെങ്കിലും ജില്ലാ സെക്രട്ടറിയറ്റിലും സംസ്ഥാന സമിതിയിലും അദ്ദേഹം തുടരുന്ന സാഹചര്യത്തിലാണ് ആരോപണം പാര്‍ട്ടിക്ക് തലവേദനയാകുന്നത്. ആരോപണം സംബന്ധിച്ച് പാര്‍ട്ടി തലത്തില്‍ മാത്രം നടപടി മതിയോ എന്ന ചോദ്യവും ഉയരുന്നു. ആരോപണത്തില്‍ അനുഭവസ്ഥര്ക്ക് നിയമപരമായി മുന്നോട്ട് പോകാമെന്ന നിലപാടാണ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജ വ്യക്തമാക്കിയത്.


