തിരുവനന്തപുരം: ഡിസിസി ഓഫീസിന് നേരെ ആക്രമണം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഡിസിസി ഓഫീസ് മുഖ്യമന്ത്രി വി ഡി സതീശൻ സന്ദർശിച്ചു. ക്യാബിനറ്റ് കഴിഞ്ഞയുടൻ ആയിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. മുഖ്യമന്ത്രി ഡിസിസി ഓഫീസിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നു. കെട്ടിടത്തിന്റെ പ്രധാന വാതിലിന്റെ ചില്ലുകള് എറിഞ്ഞുതകര്ത്തതായാണ് വിവരം. രാത്രിയിലോ പുലർച്ചെയോ ആണ് ആക്രമണം നടന്നതെന്നാണ് വിവരം.
സംഭവത്തിന് പിന്നിൽ ബിജെപിയാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവസ്ഥലം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സന്ദർശിച്ചു. പാർട്ടി ഓഫീസുകൾ ആക്രമിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ആരാണ് ആക്രമണം നടത്തിയതെങ്കിലും ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല പറഞ്ഞു. പ്രതിഷേധം നടത്തുന്നതിൽ തെറ്റില്ലെന്നും അത് അക്രമാസക്തമായാൽ പൊലീസ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
കെപിസിസി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫും ഡിസിസി ഓഫീസ് സന്ദർശിച്ചു. നേരത്തെ കൊടിമരങ്ങളും മണ്ഡലം കമ്മിറ്റി ഓഫീസുകളും തകർക്കുകയും തീയിട്ട് നശിപ്പിക്കുകയും ചെയ്ത സംഭവങ്ങളുടെ തുടർച്ചയാണ് ഡിസിസി ഓഫീസിന് നേരെയുണ്ടായ ആക്രമണമെന്നും ബിജെപി നേതൃത്വത്തിന്റെ അറിവോടെയും പ്രേരണയോടെയുമാണ് ആക്രമണമെന്നുമാണ് സണ്ണി ജോസഫ് ആരോപിച്ചത്.
പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മന്ത്രിമാർക്കെതിരായ കരിങ്കൊടി പ്രതിഷേധവും പാർട്ടി ഓഫീസിന് നേരെയുള്ള ആക്രമണവും തമ്മിൽ വ്യത്യാസമുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കോൺഗ്രസ് അക്രമത്തിൽ വിശ്വസിക്കുന്നില്ലെന്നും എന്നാൽ അക്രമരാഷ്ട്രീയത്തിന് വഴങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപി നേതൃത്വം പ്രവർത്തകരെ നിയന്ത്രിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
അതേസമയം, കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ പാലിയോട് ജംഗ്ഷനിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനും തീപിടിച്ചിരുന്നു. സംഭവത്തിന് പിന്നിൽ പ്രാദേശിക ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രകോപനപരമായ നടപടികളിലേക്ക് പോകരുതെന്ന് ഡിസിസി പ്രസിഡന്റ് എൻ. ശക്തൻ ആഹ്വാനം ചെയ്തു.








