Headlines

കൊല്ലം സുധിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക നൽകാൻ വിധി; 1.77 കോടി രൂപ ഇൻഷുറൻസ് കമ്പനി നൽകണം

കോട്ടയം: വാഹനാപകടത്തിൽ മരിച്ച നടൻ കൊല്ലം സുധിയുടെ കുടുംബത്തിന് ഇൻഷുറൻസ് തുക നൽകാൻ വിധി. ഒരു കോടി 77 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നൽകണം എന്നാണ് മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലിന്റെ വിധി. കോടതി ചെലവുകൾ അടക്കം ചേർത്താണ് തുക വിധിച്ചിരിക്കുന്നത്. സുധിയുടെ ഭാര്യ, രണ്ടുമക്കൾ, അമ്മ എന്നിവരാണ് അവകാശികൾ. സുധിയുടെ കുടുംബത്തിന് വേണ്ടി അഡ്വ. കലേഷ് കുമാർ ഹാജരായി.

30 ദിവസത്തിനകം തുക കോടതിയിൽ കെട്ടിവയ്ക്കണമെന്നു കോടതി നിർദേശിച്ചു. 2023 ജൂണിൽ തൃശ്ശൂർ കയ്പമംഗലത്ത് ദേശീയപാതയിലുണ്ടായ അപകടത്തിലാണ് നടൻ കൊല്ലം സുധി മരിച്ചത്. സുധി സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. സുധിക്കൊപ്പം ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരുക്കേറ്റിരുന്നു. കോഴിക്കോട് വടകരയിൽ പരിപാടി കഴിഞ്ഞ് മടങ്ങവേയാണ് അപകടം സംഭവിച്ചത്.