തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങിയേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6.20 മുതൽ രാത്രി 11 മണി വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിൽ ഉണ്ടെങ്കിലും വൈദ്യുതി ആവശ്യകതയിൽ കുറവ് വന്നിട്ടില്ല. ഏകദേശം 600 മുതൽ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് കരാർ പ്രകാരം ലഭിച്ചിരുന്ന 200 മെഗവാട്ട് വൈദ്യുതി ഇന്ന് രാത്രി മുതൽ ലഭ്യമാകും.
ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നും 100 മെഗാവാട്ട് വൈദ്യുതിയും ലഭിക്കും. പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയിൽ കാര്യമായ കുറവുണ്ട്. അതിനാൽ നിയന്ത്രണം വേണ്ടി വരുമെന്നും കെഎസ്ഇബി വ്യക്തമാക്കി.
അതേസമയം, എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽത്തന്നെ തുടരുകയാണ്. മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തെ ഡിമാൻഡിൽനിന്നു ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്.
സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവിൽ നിൽക്കുമ്പോഴും വൈദ്യുതി ആവശ്യകതയിൽ കാര്യമായ കുറവ് വന്നിട്ടില്ല. എന്നിരുന്നാലും രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്.
ദേശീയ തലത്തിൽ ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു. 5000 മെഗാവാട്ട് വരെ ഓൾ ഇന്ത്യ ഡിമാൻഡ് കൂടാനും 5000 മെഗാവാട്ട് വരെ വിൻഡ് ജനറേഷൻ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളിൽ അറിയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിൽ ഗ്രിഡ് ഫ്രീക്വൻസി ക്രമാതീതമായി കുറയുകയുണ്ടായി.









