ചെന്നൈ ∙ തമിഴ്നാട്ടിലും പുതുച്ചേരിയിലുമല്ലാതെ മറ്റൊരിടത്തും ഔദ്യോഗികമായി പ്രവർത്തനമില്ലെന്നു ടിവികെ. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പാർട്ടി പ്രവർത്തനം ആരംഭിച്ചെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ടിവികെ സ്റ്റേറ്റ് ജോയിന്റ് കോഓർഡിനേറ്റർ ജെ.അശ്വിൻ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ടിവികെയുടെ പേരിൽ പാർട്ടി പ്രവർത്തനം സജീവമാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു വിശദീകരണം. വിജയിന്റെ ഫാൻസ് അസോസിയേഷൻ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ സജീവമാണെന്നും അധികൃതർ വ്യക്തമാക്കി.ബംഗാളിൽ പാർട്ടിയുടെ ആദ്യ ഓഫിസ് തുറന്നതായി ഒരു കൂട്ടം അനുയായികൾ പ്രഖ്യാപിച്ചതിനു പിന്നാലെ, ഈ നീക്കത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. അതേസമയം, ബംഗാളിലെ തങ്ങളുടെ അഭ്യുദയകാംക്ഷികൾക്ക് പാർട്ടി ആശംസകൾ നേരുന്നതായും അറിയിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള നിർദേശപ്രകാരമാണ് ഓഫിസ് തുറന്നതെന്ന് അവകാശപ്പെട്ട്, ഞായറാഴ്ചയാണ് ബംഗാളിലെ പൂർബ ബർധമാനിലുള്ള ഫഗുപുരിൽ ഒരു വിഭാഗം ആളുകൾ ടിവികെയുടെ ഓഫിസ് ഉദ്ഘാടനം ചെയ്തത്. ആജ് തക് ബംഗ്ലാ റിപ്പോർട്ട് അനുസരിച്ച്, പാർട്ടിയുടെ സംസ്ഥാന കോർഡിനേറ്ററെന്ന് സ്വയം പരിചയപ്പെടുത്തിയ ചൈതാലി റോയിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ബംഗാളിൽ നിലവിൽ അയ്യായിരത്തോളം പ്രവർത്തകർ ടിവികെയ്ക്കുണ്ടെന്നും, ആദ്യഘട്ടത്തിൽ രാഷ്ട്രീയ പ്രവർത്തനങ്ങളേക്കാൾ വിദ്യാഭ്യാസം, തൊഴിൽ എന്നിവ കേന്ദ്രീകരിച്ച് സാമൂഹിക സേവനത്തിനാണ് മുൻഗണന നൽകുകയെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ഭാവിയിൽ ബംഗാളിൽ പാർട്ടി സ്ഥാനാർഥികൾ മത്സരിക്കുമെന്ന പ്രതീക്ഷയും ചൈതാലി റോയ് പങ്കുവച്ചു.നിലവിൽ തമിഴ്‌നാടിനു പുറത്തേക്ക് പാർട്ടി വ്യാപിപ്പിക്കാൻ യാതൊരു പദ്ധതിയുമില്ലെന്നും ഭരണത്തിലും തമിഴ്‌നാട്ടിലെ ജനക്ഷേമ പ്രവർത്തനങ്ങളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അധികൃതർ പറയുന്നു. എങ്കിലും, തമിഴ്‌നാട്ടിലെ ടിവികെയുടെ രാഷ്ട്രീയ പ്രവർത്തനങ്ങൾ കണ്ട് ബംഗാളിലെ ജനങ്ങൾ നൽകുന്ന പിന്തുണയിൽ സന്തോഷമുണ്ടെന്നും വിജയ്‌ക്ക് അവിടെ ധാരാളം ആരാധകരുണ്ടെന്ന് മനസിലാക്കുന്നതായും പാർട്ടി വക്താവ് പറഞ്ഞു.
കഴിഞ്ഞ മേയിൽ നടന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടി ടിവികെ അധികാരത്തിൽ വന്നതിനു പിന്നാലെ, കേരളം ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിലും വിജയ് ആരാധകർ പാർട്ടി ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. സെപ്റ്റംബർ 13ന് പാലക്കാട് ജില്ലയിൽ ആരാധകർ ഒരു ഓഫിസ് ഉദ്ഘാടനം ചെയ്തതായും റിപ്പോർട്ടുകളുണ്ടായിരുന്നു.









