Headlines

ഗോഡൗണിലെ ലിഫ്റ്റ് പൊട്ടി വീണു; മൂവാറ്റുപുഴയിൽ യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ∙ വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലെ തുറന്ന ലിഫ്റ്റ് പൊട്ടി വീണ് തൊഴിലാളി യുവാവ് മരിച്ചു. മൂവാറ്റുപുഴ പെരിങ്ങഴ തേവലത്തിൽ കൃഷ്ണന്റെയും സുശീലയുടെയും മകൻ അക്ഷയ് കൃഷ്ണൻ (19) ആണ് മരിച്ചത്. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ മുള്ളുംപുറം സ്റ്റോഴ്‌സിലെ ജീവനക്കാരനാണ്. വെള്ളൂർക്കുന്നം മഹാദേവ ക്ഷേത്രത്തിന് സമീപം കരുണ ആശുപത്രിയുടെ പിറകിൽ ഇവരുടെ പുതുതായി നിർമിച്ച മൂന്നു നില കെട്ടിടത്തിൽ നിന്നാണ് വീണത്. മൂന്നാമത്തെ നിലയിൽനിന്ന് ലിഫ്റ്റ് പൊട്ടി താഴേക്ക് പതിക്കുന്നതും അക്ഷയ് നിലത്തേക്ക് വീഴുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തു.വെള്ളൂർക്കുന്നത്ത് മുനിസിപ്പൽ ബിൽഡിങിൽ ഉള്ള കടയിൽനിന്ന് സാധനങ്ങൾ എടുക്കാനായാണ് അക്ഷയ് ഗോഡൗണിലേക്ക് പോയത്. മുകൾ നിലകളിലാണ് സാധനങ്ങൾ സ്‌റ്റോക്ക് ചെയ്തിരിക്കുന്നത്. ഗോഡൗണിൽ ആവശ്യമുള്ള സാധനം കണ്ടെത്താൻ പറ്റാത്തതിനാൽ കടയിലേക്ക് വിളിച്ചിരുന്നു. ജീവനക്കാർ എത്തിയപ്പോഴാണ് അക്ഷയ് നിലത്ത് വീണ് കിടക്കുന്നത് കണ്ടത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നു. സഹോദരി: അരുണിമ. സംസ്‌കാരം നടത്തി.