കോഴിക്കോട് ∙ മദ്യപിച്ച് വാഹനം ഓടിച്ച് മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയെന്ന കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുട്യൂബർ അശ്വന്ത് കോക്കിന്റെ വാഹനത്തിൽനിന്ന് രണ്ട് മദ്യക്കുപ്പികൾ കണ്ടെത്തി. ഇതിലെ സാംപിളുകളും കേസ് അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചു. വാങ്ങിയ മദ്യത്തിന്റെ ബിൽ അടക്കമുള്ള രേഖകളും വാഹനത്തിൽ ഉണ്ടായിരുന്നു.
അപകടകരമായ രീതിയിൽ വാഹനം ഓടിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമാണ് അശ്വന്തിനെതിരെ കേസ്. മദ്യലഹരിയിൽ ഓടിച്ച വാഹനം തട്ടിയ രണ്ടു വാഹനങ്ങളുടെ ഉടമകളാണ് പരാതി പൊലീസിൽ പരാതി നൽകിയത്. രണ്ടിലേറെ വാഹനങ്ങളിൽ അശ്വന്തിന്റെ വാഹനം തട്ടിയതായി നാട്ടുകാർ പറയുന്നെങ്കിലും മറ്റാരും പരാതിയുമായി വന്നില്ല.
തിങ്കളാഴ്ച വൈകിട്ട് ഏഴിനാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തിന് സമീപം അശ്വന്ത് ഓടിച്ച വാഹനം മറ്റു വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടായത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് അശ്വന്തിനെ വാഹനത്തിനു പുറത്തിറക്കിയത്. തുടർന്ന് ബീച്ച് ആശുപത്രിയിൽ എത്തിച്ച വൈദ്യപരിശോധന നടത്തിയ ശേഷം നടക്കാവ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
തുടർനടപടികൾ പൂർത്തിയാക്കി അർധരാത്രിക്കു ശേഷമാണ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ അശ്വന്തിനെ വിട്ടയച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കുടുതൽ അന്വേഷണം നടത്തുകയാണ്.
മദ്യലഹരിയിൽ അശ്വന്ത് രണ്ടു വാഹനങ്ങളിൽ സ്വന്തം വാഹനം ഇടിച്ചു കേടുപാടുകൾ വരുത്തുകയും റോഡരികിൽ നിന്ന ഒരാളെ ഇടിച്ചതിൽ നിസ്സാര പരുക്കു പറ്റുകയും ചെയ്തെന്നാണ് എഫ്ഐആറിൽ പറയുന്നത്. പൊതുറോഡുകളിലെ അശ്രദ്ധമായ വാഹനമോടിക്കലും അതുമൂലമുണ്ടാകുന്ന അപകടങ്ങളുമായി ബന്ധപ്പെട്ട നിയമവകുപ്പുകളായ ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 281, 125 (എ) വകുപ്പുകളും മോട്ടർ വാഹന നിയമത്തിലെ സെക്‌ഷൻ 185 പ്രകാരം മദ്യപിച്ച് വാഹനമോടിക്കുന്നതുമായി ബന്ധപ്പെട്ട കേസുമാണ് അശ്വന്തിനെതിരെ ചുമത്തിയിരിക്കുന്നത്.







