കൊച്ചി ∙ സഹപാഠികൾക്കൊപ്പം പ്രിയദർശിനി ബസിൽ കയറിയ വിദ്യാർഥിനിയെ അധിക്ഷേപിച്ച കണ്ടക്ടർക്കെതിരെ പൊലീസ് കേസെടുക്കും. എറണാകുളം പറവൂരിൽ കഴിഞ്ഞ ദിവസമാണ് പെൺകുട്ടി അധിക്ഷേപത്തിനു ഇരയായത്. പഠനം കഴിഞ്ഞ് സഹപാഠികൾക്കൊപ്പം ബസിൽ കയറിയ പെൺകുട്ടിയോട് ടിക്കറ്റിനു പണം ആവശ്യപ്പെടുകയും പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ അധിക്ഷേപിച്ചു എന്നുമാണ് പരാതി. തീർഥാടനത്തിന്റെ ഭാഗമായി അടുത്തിടെ പെൺകുട്ടി തല മുണ്ഡനം ചെയ്തിരുന്നു. ഇതിനെ തുടർന്ന് ആൺകുട്ടിയാണെന്ന് തെറ്റിദ്ധരിച്ച് കണ്ടക്ടർ ടിക്കറ്റ് നൽകി പണം ആവശ്യപ്പെട്ടു. എന്നാൽ സഹപാഠികൾ അടക്കം ഇതിനെ എതിർത്തപ്പോഴാണ് പെൺകുട്ടിയെ കണ്ടക്ടർ അധിക്ഷേപിച്ചത്.
കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നുമാണ് കണ്ടക്ടർ അധിക്ഷേപിച്ചത്. സഹയാത്രികരിൽ ചിലരും ഇതിനെ പിന്തുണച്ച് പെൺകുട്ടിയെ പരിഹസിച്ചു. തുടർന്ന് ബസിൽനിന്നും ഇറക്കി വിടാനും ശ്രമമുണ്ടായി. കഴിഞ്ഞ ദിവസം നടന്ന സംഭവം വിവാദമായതോടെ മുഖ്യമന്ത്രി ഇടപെടുകയും പൊലീസ് നടപടി ആവശ്യപ്പെടുകയും ചെയ്തു. കണ്ടക്ടർക്ക് എതിരെ വകുപ്പ് തല നടപടിയും ഉടൻ ഉണ്ടായേക്കും.
∙ സംഭവത്തെ കുറിച്ച് പെൺകുട്ടി പറയുന്നത് ഇപ്രകാരമാണ്.
ബസിന്റെ മുന്നിൽ ഇരുന്ന തന്നോട് കണ്ടക്ടർ ടിക്കറ്റിനു പണം ആവശ്യപ്പെട്ടു. പെൺകുട്ടിയാണെന്ന് പറഞ്ഞപ്പോൾ തനിക്കു തോന്നുന്നില്ലെന്നും താൻ ടിക്കറ്റ് അടിച്ചെന്നും കണ്ടക്ടർ പറഞ്ഞു. കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്നും വസ്ത്രം ഊരി നോക്കാൻ കഴിയില്ലല്ലോ എന്നും കണ്ടക്ടർ അധിക്ഷേപിച്ചു. ബസിന്റെ പിന്നിലുണ്ടായിരുന്ന പുരുഷയാത്രക്കാരെ വിളിച്ചു ഇവളെ കണ്ടിട്ട് പെൺകുട്ടിയാണെന്ന് തോന്നുന്നുണ്ടോ എന്നും ചോദിച്ചു. പെൺകുട്ടിയാണെന്ന് നെറ്റിയിൽ എഴുതി ഒട്ടിക്കണമെന്നും പറഞ്ഞു. കണ്ടക്ടർ വഴക്കുപറഞ്ഞപ്പോൾ ഒരു യാത്രക്കാരൻ തന്നെ തല്ലാൻ ശ്രമിച്ചെന്നും പെൺകുട്ടി മനോരമ ന്യൂസിനോടു വെളിപ്പെടുത്തി. ബസിൽനിന്നും ഇറങ്ങാനും കണ്ടക്ടർ ആവശ്യപ്പെട്ടു. മനോരമ ന്യൂസിനോടാണ് പെൺകുട്ടി സംഭവം വിവരിച്ചത്.









