Headlines

വ്യവസ്ഥകളിൽ നിന്നും പിന്നോട്ടില്ല; അമേരിക്ക യുദ്ധം പുനരാരംഭിച്ചാൽ യുഎസ്‌ പടക്കപ്പലുകൾ ആക്രമിക്കും: ഇറാൻ

അമേരിക്കയ്ക്കു മുന്നിൽ വച്ച വ്യവസ്ഥകളിൽ നിന്നും പിന്നാക്കം പോകില്ലെന്ന് ഇറാൻ. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ഇറാൻ നിർദ്ദേശിച്ച ഏഴ് ദിന സമാധാന നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിനെ തുടർന്നാണ് ഇറാന്റെ പ്രതികരണം. അമേരിക്ക യുദ്ധം പുനരാരംഭിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ പടക്കപ്പലുകൾ ആക്രമിക്കുമെന്ന് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഇറാനെതിരെയുള്ള ഉപരോധം ഫലം കണ്ടു തുടങ്ങിയെന്ന് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു.

ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി ഇറാൻ മുന്നോട്ടുവച്ച മൂന്ന് വ്യവസ്ഥകളും അസ്വീകാര്യമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രസ്താവിച്ചതിനു പിന്നാലെയാണ് വ്യവസ്ഥകളിൽ നിന്നും പിന്നോട്ടു പോകില്ലെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇതോടെ പശ്ചിമേഷ്യയിൽ സംഘർഷം അവസാനിക്കാനുള്ള സാധ്യത വീണ്ടും മങ്ങി. അതിനിടെ, അമേരിക്കയെ തെല്ലും വിശ്വസിക്കുന്നില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. ഇറാനുമായി അമേരിക്ക നടത്തിയ വിവിധ ഘട്ട ചർച്ചകളെ തുടർന്ന് അമേരിക്ക ഇറാനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്തുകയും ഉപരോധങ്ങൾ ഏർപ്പെടുകയും ചെയ്യുകയായിരുന്നുവെന്ന് പെസഷ്‌കിയാൻ കുറ്റപ്പെടുത്തി.

അതിനിടെ അമേരിക്ക വീണ്ടും ഇറാനെ ആക്രമിക്കുകയാണെങ്കിൽ പുതിയ സൈനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ച് തിരിച്ചടിക്കുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. യുദ്ധം പുനരാരംഭിച്ചാൽ ഇന്ത്യൻ മഹാസമുദ്രത്തിലെ അമേരിക്കൻ പടക്കപ്പലുകളെ ആക്രമിക്കുമെന്നും ഐ ആർ ജി സി പറഞ്ഞു. ഇറാനെതിരെയുള്ള ഉപരോധം ഫലം കണ്ടു തുടങ്ങിയതായി യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. ഇറാനിൽ നിന്നുള്ള വിമാനങ്ങൾ തടഞ്ഞ തുർക്കിക്കും ഒമാനും യു എ ഇ-യ്ക്കും റൂബിയോ നന്ദി പറഞ്ഞു. ഒമാനിലേക്കും ജോർജിയയിലേക്കും അസർബൈജാനിലേക്കുമുള്ള വിമാനങ്ങൾ നേരത്തെ തന്നെ ഇറാൻ റദ്ദാക്കിയിരുന്നു.

അഫ്ഗാനിസ്ഥാൻ, അർമേനിയ, ചൈന, ഉസ്‌ബെക്കിസ്താൻ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ ഇറാനിലേക്ക് ഇപ്പോഴും വ്യോമഗതാഗതം തുടരുകയാണ്. അതിനിടെ, രാജ്യത്തിനെതിരെയും യെമനിലും ഹൂതികൾ നടത്തുന്ന ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം അപലപിക്കണമെന്ന് ഐക്യരാഷ്ട്ര പൊതുസഭയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ആവശ്യപ്പെട്ടു.