ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നടത്തിയ ആരോപണം നിഷേധിച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍. ബിജെപി സ്ഥാനാര്‍ഥിയാകാന്‍ നിര്‍ബന്ധിച്ചെന്ന വെളിപ്പെടുത്തലാണ് നിഷേധിച്ചത്. റിപ്പോര്‍ട്ടുകള്‍ അസംബന്ധമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കിടയിലെ ഭിന്നത രൂക്ഷമായതിനിടയിലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നത്. 2016ല്‍ താന്‍ ചീഫ് സെക്രട്ടറി ആയിരിക്കെ ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടയില്‍ ആയിരുന്നു ഗ്യാനേഷ് കുമാര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് വാചാലനായ അദ്ദേഹം 2019ലെ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കാമോ എന്നും ചോദിച്ചു. എന്നാല്‍ താന്‍ സ്‌നേഹത്തോടെ അത് നിരസിച്ചു എന്നുമാണ് ജിജി തോംസണ്‍ പറഞ്ഞു വെക്കുന്നത്. ജിജി തോംസണിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു.
കേരള കേഡര്‍ ഐഎഎസ് ഓഫീസറായിരിക്കെ വിവിധ വകുപ്പുകളില്‍ ഗ്യാനേഷ് കുമാര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025ലാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയി ഗ്യാനേഷ് കുമാര്‍ നിയമിതനാകുന്നത്. പിന്നാലെ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളില്‍ അദ്ദേഹത്തിന് എതിരെ ഉയര്‍ന്നുവന്നിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിയെ വിജയിപ്പിക്കുന്നതിനായി വോട്ടര്‍ പട്ടികയില്‍ തിരുമറി നടത്തിയെന്നാണ് രാഹുല്‍ഗാന്ധി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഗ്യാനേഷ് കുമാറിനെതിരെ ആരോപണമുന്നയിക്കുന്നത്.









