Headlines

‘മകനുവേണ്ടി ഒരമ്മയുടെ അപേക്ഷ’; ആശീർവാദിന് നടക്കാൻ വേണം 28 കോടി! ദുബായ് രാജാവിന്റെ കനിവുതേടി മലയാളികുടുംബം, പ്രാർഥനയോടെ നാട്

“യുഎഇ ഭരണാധികാരിയും ദുബായ് രാജാവുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സാറിനോടുള്ള, മകനുവേണ്ടിയുള്ള ഒരമ്മയുടെ അപേക്ഷയാണിത്…” ഡുഷേൻ മസ്കുലർ ഡിസ്ട്രോഫി (DMD) എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുവയസ്സുകാരൻ ആശീർവാദിന്‍റെ ചികിത്സയ്ക്കായി സഹായം തേടി ധന്യ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ തുടങ്ങുന്നത് ഈ വാക്കുകളോടെയാണ്. വിഡിയോ ചെയ്യുമ്പോൾ ധന്യയുടെ മനസ്സിൽ മറ്റൊന്നുമുണ്ടായിരുന്നില്ല, എങ്ങനെയെങ്കിലും മകന് ചികിത്സ ലഭിക്കണം. അത്രമാത്രം.
സാധാരണ കുടുംബത്തിൽനിന്നുള്ള ധന്യയ്ക്കും ക്ഷേത്ര പൂജാരിയായ ഭർത്താവ് പ്രശാന്തിനും സ്വപ്നം കാണാൻ പോലും കഴിയാത്തത്ര വലിയ തുകയാണ് മകന്‍റെ ചികിത്സയ്ക്കായി ആവശ്യമുള്ളത്. എങ്കിലും മകനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള പ്രതീക്ഷയിൽ, സാധ്യമാകുന്ന വഴികളെല്ലാം തേടുകയാണ് ഈ മാതാപിതാക്കൾ. കോഴിക്കോട് ബാലുശേരി നന്മണ്ട സ്വദേശികളാണ് ധന്യയും പ്രശാന്തും. 2021 നവംബർ 26നാണ് മകൻ ആശീർവാദ് ജനിച്ചത്.

∙ ആദ്യം ശ്രദ്ധയിൽപ്പെട്ടത് പരന്ന പാദം

ആശീർവാദിന് പരന്ന പാദമാണെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് മാതാപിതാക്കൾ ആദ്യം ചികിത്സ തേടുന്നത്. ആശീർവാദിന്‍റെ വയർ വീർത്തുനിൽക്കുന്നത് അസ്വഭാവികമാണെന്ന് ബന്ധുവായ നഴ്സ് പറഞ്ഞിരുന്നു. അവരുടെ നിർദേശപ്രകാരമാണ് കോഴിക്കോട് സർക്കാർ ബീച്ച് ആശുപത്രിയിലെത്തിയത്. അവിടത്തെ ചികിത്സയില്‍ നാലു വയസ്സു കഴിഞ്ഞിട്ടും പ്രായത്തിനനുസരിച്ചുള്ള വളർച്ചയില്ലെന്ന് ഡോക്ടർ വിലയിരുത്തുകയും മരുന്ന് നൽകുകയും ചെയ്തു. മൂന്ന് മാസത്തെ ചികിത്സയ്ക്കുശേഷം വീണ്ടും പരിശോധനയ്ക്കെത്തിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. തുടർന്ന് നടത്തിയ രക്തപരിശോധനകൾ ഉൾപ്പെടെയുള്ള പരിശോധനകളിലും അന്ന് രോഗം സ്ഥിരീകരിക്കാനായില്ല.