Headlines

കരുവാറ്റ കൊലപാതകം: തെളിവെടുപ്പിൽ കയ്യുറയും വസ്ത്രങ്ങളും കണ്ടെത്തി; കുട്ടികളുമായി തെളിവെടുപ്പ് അപൂർവം

ആലപ്പുഴ∙ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തേഴുകാരനെ കൊലപ്പെടുത്തി പണവും സ്വർണവും മോഷ്ടിച്ച കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളുടെ തെളിവെടുപ്പ് പൊലീസ് അതീവരഹസ്യമായി പൂർത്തിയാക്കി. പ്രായപൂർത്തിയാകാത്തവരെ ഉപയോഗിച്ച് ഒരു കേസിൽ തെളിവെടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ഒരുമിച്ചു കൊണ്ടുപോകരുതെന്നു കോടതി നിർദേശിച്ചതിനാൽ മൂന്നു ദിവസങ്ങളിലായാണു തെളിവെടുപ്പ് നടത്തിയത്. ഇന്നലെ വൈകിട്ടോടെ പൂർത്തിയായി.

കൊലപാതകം നടന്ന വാടകവീട്, കുറ്റാരോപിതർ സംഭവദിവസം എത്തിയെന്നു പറയുന്ന ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഹരിപ്പാടുള്ള രണ്ടു ഹോട്ടലുകൾ, കുറ്റാരോപിതരുടെ വീടുകൾ എന്നിവിടങ്ങളിലാണ് ഇവരെ തെളിവെടുപ്പിനു കൊണ്ടുപോയത്. സംഭവദിവസം ഇവർ കയ്യുറകൾ വാങ്ങിയ കട കണ്ടെത്തി.

കൃത്യത്തിനു ശേഷം ഉപേക്ഷിച്ച കയ്യുറകൾ ഹരിപ്പാട് റെയിൽവേ സ്റ്റേഷനു സമീപത്തെ പൊന്തക്കാട്ടിൽ കണ്ടെത്തി. സംഭവദിവസം ഇവർ ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടുകളിൽ നിന്നു കണ്ടെടുത്തു. കൊലപാതകം നടത്തിയ വീട്ടിൽ നിന്നു മോഷ്ടിച്ച സ്വർണാഭരണങ്ങൾ, പെർഫ്യൂം കുപ്പി എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കേസിൽ കുറ്റാരോപിതയായ പതിമൂന്നുകാരിയെ ചോദ്യം ചെയ്യാൻ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുമതി തേടിയിട്ടുണ്ട്. ഈ അപേക്ഷ ബോർഡ് 26ന് പരിഗണിക്കും.