Headlines

സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വി ഡി സതീശൻ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കി; പിണറായി വിജയൻ

തിരുവനന്തപുരം: ഭരണ മാറ്റം വന്നപ്പോൾ സത്യപ്രതിജ്ഞ ചെയ്ത ദിവസം തന്നെ വി ഡി സതീശൻ സർക്കാർ ആർഎസ്എസ് അജണ്ട നടപ്പിലാക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോൺഗ്രസ് ബിജെപിയും ഒരേ രീതിയിൽ നീങ്ങുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ കഴിഞ്ഞാൽ അത് ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതാണെന്നും അത് മതനിരപേക്ഷ രാഷ്ട്രത്തിന് ചേരുന്നതല്ലെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു, വന്ദേമാതരം ഗാനവുമായി ബന്ധപ്പെട്ട വിവാദമല്ല മറിച്ച് മതനിരപേക്ഷതയെ എങ്ങനെ സമീപിക്കുന്നു എന്ന പ്രശ്നമാണ് അതിന്റെ സത്തയെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

ഒരു സംസ്ഥാനം മാത്രമാണ് ആഗസ്റ്റ് 15ന് വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് സർക്കുലർ ഇറക്കിയതെന്നും വി ഡി സതീശൻ സർക്കാർ ആർഎസ്എസിന്റെ അജണ്ടയുമായി സമരസപ്പെട്ട് പോകുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മേഖല ആർഎസ്എസിന്റെ കൈപ്പടിയിലാണെന്നും ഒരക്ഷരം മുഖ്യമന്ത്രിയോ ഉന്നത വിദ്യാഭ്യാസ മന്ത്രിയോ സംസാരിക്കുന്നുണ്ടോയെന്നും പിണറായി വിജയൻ ചോദിച്ചു. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ വേട്ടയാടുന്നുവെന്നും പ്രക്ഷോഭങ്ങളിൽ വധശ്രമ കേസുകൾ ചുമത്തുവെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.

പി എം ശ്രീ ശുദ്ധമായ കാവിവൽക്കരണ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പ് വരെ ആ ഒരു ആശങ്ക ഉണ്ടായിരുന്നില്ല. അത് നടപ്പാക്കാൻ യുഡിഎഫ് തീരുമാനിച്ചു. ഈ അജണ്ട ആർഎസ്എസിന്റെതാണെന്നും പുതിയ തലമുറയിൽ സംഘപരിവാർ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

വായുവും കടലും സ്വകാര്യ മേഖലയ്ക്ക് കൊടുക്കാനാണ് നീക്കമെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. ചങ്ങാത്ത മുതലാളിത്തത്തിന്റെ വലിയ ഉദാഹരണമായി മാറ്റാനുള്ള ശ്രമമമാണ് നടക്കുന്നത്. നയപരമായ കാര്യങ്ങളിൽ പാളിച്ചയുണ്ട്. പൊതുഗതാഗതം കച്ചവടമായി കാണേണ്ടതില്ലെന്നും സാമൂഹിക ഉത്തരവാദിത്തമുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. കെഎസ്ആർടിസി എങ്ങനെ പ്രതിസന്ധിയിലായി എന്ന അവസ്ഥ ഓർക്കണം. കെഎസ്ആർടിസിയെ സാമ്പത്തികമായി എങ്ങനെ ഞെരുക്കാനാകും എന്നാണ് ഇപ്പോഴത്തെ സർക്കാർ നോക്കുന്നത്. ബസുകൾക്ക് ഡീസൽ അടിക്കാൻ പണമില്ലാതെ ആയി. 2663 ബസ്സുകൾ മാത്രമാണ് ഇന്ന് സംസ്ഥാനത്ത് ഓടുന്നത്. സ്പെയർപാർട്സ് വാങ്ങാനും അറ്റകുറ്റപ്പണി നടത്താനും പണമില്ല. 600 ലേറെ ബസ്സുകൾ കട്ടപ്പുറത്ത് കിടക്കുകയാണ്. ജീവനക്കാരുടെ പെൻഷൻ വിതരണത്തിന് പണം നൽകാൻ സർക്കാർ തയ്യാറായില്ലെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.

ഓണക്കാലത്ത് കെഎസ്ആർടിസിക്ക് 10 കോടിയുടെ സർവ്വകാല റെക്കോർഡ് കളക്ഷൻ എന്ന് കൊട്ടിഘോഷിച്ചുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിൽ നാല് കോടിയോളം രൂപ സൗജന്യ യാത്രയുടെ സീറോ ടിക്കറ്റ് കൂടി ചേർത്തുള്ള വ്യാജ കണക്കാണ്. ആറുകോടി രൂപ മാത്രമാണ് ടിക്കറ്റ് വരുമാനമായി ലഭിച്ചത്. 2692 കോടിയുടെ കടബാധ്യതയിലാണ് കെഎസ്ആർടിസിയെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. വായ്പ തിരിച്ചടവിന് മാത്രം ഒരു കോടി പത്തുലക്ഷം ആവശ്യമാണെന്നും യുഡിഎഫ് സർക്കാർ കടം 3100 കോടിയിൽ എത്തിച്ചുവെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി.