ബീഹാർ കിഷൻഗഞ്ചിൽ 1.42 കോടി രൂപ ചെലവിൽ നിർമിച്ച പാലം ഉദ്ഘാടനത്തിന് മുമ്പേ ഒലിച്ചുപോയി. ദിഗൽബങ്ക് ഗ്രാമത്തിലാണ് സംഭവം. കങ്കി നദിയിലെ വെള്ളപ്പാച്ചിലിലാണ് പാലം തകർന്നത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു
കഴിഞ്ഞ ജൂണിലാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം വരുന്നതിന് മുമ്പ് പാലത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇതിന് കാത്തുനിൽക്കാതെ തന്നെ പാലം തകർന്നുവീഴുകയായിരുന്നു
നിർമാണത്തിലെ അപാകതയാണ് പാലം തകരാൻ കാരണമായതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. ഗ്രാമവാസികളെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന ഏക മാർഗം കൂടിയായിരുന്നു പാലം. ദീർഘകാലത്തെ ആവശ്യത്തെ തുടർന്നാണ് പാലത്തിന്റെ നിർമാണം ആരംഭിച്ചതും