തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിക്ക് നാളെ 100 ദിവസം പൂർത്തിയാകും.പ്രിയദർശിനി പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുകയാണെന്ന് മന്ത്രി സി.പി. ജോൺ പറഞ്ഞു. നിലവിൽ ഓർഡിനറി ബസുകളിൽ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. ഈ രീതിയിൽ തന്നെ പദ്ധതി തുടരാനാണ് തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി ഡിപ്പോകളിലും വനിതകൾക്ക് സാരി വിതരണം ചെയ്യും. പദ്ധതിയുടെ ഭാഗമായി വനിതാ ജീവനക്കാർക്കും യാത്രക്കാരുമായി ബന്ധപ്പെട്ട സേവന മേഖലയിലെ വനിതകൾക്കും സാരി വിതരണം ചെയ്യുന്നതിനാണ് തീരുമാനം.
നാളെ 93 ഡിപ്പോകളിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പദ്ധതി ഓരോ ദിവസവും മെച്ചപ്പെട്ട് മുന്നോട്ടു പോവുകയാണ്. എല്ലാദിവസവും 10 ലക്ഷം സ്ത്രീകളാണ് കെഎസ്ആർടിസി ബസ്സിൽ കയറുന്നത്. ഇതിന്റെ പേരിൽ പുരുഷന്മാർ കയറാതിരിക്കുന്നില്ല. പുരുഷ യാത്രക്കാരുടെ എണ്ണവും വർധിച്ചിട്ടുണ്ട്.
ഓർഡിനറി ബസ്സുകളിൽ തന്നെ പ്രിയദർശിനി തുടരും. ഏകദേശം 67 ശതമാനവും പ്രിയദർശിനിയാണ്. സർക്കാരിൻറെ നല്ല പിന്തുണയുണ്ട്. ട്രക്കുകൾ ഞങ്ങൾ വാടകയ്ക്ക് എടുക്കുന്നു. 5 ട്രക്കുകളാണ് ചോദിച്ചിട്ടുള്ളത്. ടെൻഡർ നടപടികൾ പൂർത്തിയായി. നൂറ് കണക്കിന് ട്രക്കുകൾ ഉള്ള വലിയ കാർഗോ ഹാൻഡലർ ആയി കെഎസ്ആർടിസിയെ മാറ്റുമെന്നും സി പി ജോൺ വ്യക്തമാക്കി.








