പിണറായി വിജയനെതിരായ മാസപ്പടി ആരോപണം: ഇ ഡി നിലപാടിൽ സർക്കാർ തീരുമാനം ഉടൻ

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെതിരെ മാസപ്പടി ആരോപണത്തിൽ അന്വേഷണം വേണമെന്ന ED നിലപാടിൽ സർക്കാർ തീരുമാനം ഉടൻ. അന്വേഷണം ആകാമെന്നായിരുന്നു AG യുടെ നിയമോപദേശം. പിണറായി വിജയനെതിരെ, കേസെടുത്താൽ മാസപ്പടി ഡയറിയിൽ പേരുള്ള യു.ഡി.എഫ് നേതാക്കളുടെ പങ്ക് ഉൾപ്പടെ അന്വേഷിക്കേണ്ടി വരുമെന്നുള്ളതാണ് കോൺഗ്രസിന്റെ ആശങ്ക. അഴിമതി നിരോധന നിയമപ്രകാരവും മുഹമ്മദ്‌ റിയാസിന്റെ ഹവാല ഇടപാടുകളിലും അന്വേഷണം വേണമെന്നാണ് ഇ ഡി നിലപാട്.

എന്നാൽ ആദ്യം മാസപ്പടി കേസായും പിന്നീട് കൈക്കൂലിയായും ഇപ്പോൾ ഹവാല ഇടപാടായും വളരുന്ന ഇ.ഡി കേസ് പാർട്ടിയെ ലക്ഷ്യമിട്ടുളള രാഷ്ട്രീയ നീക്കമാണെന്നാണ് സിപിഐഎമ്മിൻെറ വിലയിരുത്തൽ. നേതൃത്വത്തെ കേസിൽ കുടുക്കി വിശ്വാസ്യത തകർത്ത് പാർട്ടിയെ പ്രതിസന്ധിയിലാക്കാനുളള കേന്ദ്ര ഏജൻസികളുടെ നീക്കത്തിന് യുഡിഎഫ് സർക്കാരും കുടപിടിക്കുന്നു എന്നാണ് സിപിഐഎം ആരോപിക്കുന്നത്. പിണറായി വിജയനെതിരായ കേസ് പാർട്ടിയ്ക്കെതിരായ നീക്കമായി
കണ്ട് പ്രതിരോധിക്കാനാണ് തീരുമാനം.

അതേസമയം, സിപിഐഎം ഉയർത്തുന്ന രാഷ്ട്രീയ പ്രതിരോധത്തിനൊപ്പം സി.എം.ആർ.എൽ എം.ഡിയുടെ ഡയറിയിൽ രമേശ് ചെന്നിത്തലയുടെയും പി.കെ.കുഞ്ഞാലിക്കുട്ടിയുടെയും പേരുളളതും സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. നിയമപരമായ കാര്യങ്ങൾക്കൊപ്പം രാഷ്ട്രീയ പ്രത്യാഘാതം കൂടി വിലയിരുത്തി കൊണ്ടായിരിക്കും സർക്കാർ തീരുമാനം ഉണ്ടാകുക. യുഡിഎഫ് നേതാക്കൾ കൈപ്പറ്റിയത് ഫണ്ട് പിരിവിൻെറ ഭാഗമായുളള പണമാണെന്നും വീണയുടേത് മുഖ്യമന്ത്രിയെ മറയാക്കിയുളള കൈക്കൂലിയാണെന്നുമാണ് സർക്കാരിൻെറ പ്രതിരോധം.