സനല്‍ കുമാര്‍ ശശിധരനെതിരെ മാനനഷ്ട കേസുമായി മഞ്ജു വാര്യർ കോടതിയിൽ

കൊച്ചി : സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന് എതിരെ മാനനഷ്ടകേസുമായി മഞ്ജു വാര്യര്‍. എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജിയില്‍ സനല്‍ കുമാര്‍ ശശിധരന് സമന്‍സ് അയയ്ക്കും. ഹര്‍ജി കോടതി നവംബര്‍ അഞ്ചിന് പരിഗണിക്കുമെന്നാണ് വിവരം. യൂട്യൂബർ ഷാജൻ സ്‌കറിയയും മെറ്റയും മറുപടി നൽകണമെന്നും ഹർജിയിൽ പറയുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ സനല്‍ കുമാര്‍ ശശിധരൻ അപകീർത്തിപ്പെടുത്തിയതിന് മഞ്ജു വാര്യർ നേരത്തെ കേസ് നൽകിയിരുന്നു.

നടി മഞ്ജു വാര്യര്‍ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സത്യാഗ്രഹം നടത്തുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരിഹസിച്ച് സഹോദരന്‍ മധു വാര്യറും രംഗത്ത് വന്നിരുന്നു. സനല്‍കുമാര്‍ ശശിധരനെ പരിഹസിക്കുന്ന തരത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചാണ് അദ്ദേഹം പ്രതികരിച്ചത്. മഞ്ജു വാരിയര്‍ സെക്സ് റാക്കറ്റിന്റെ തടവിലാണെന്ന ആരോപണം അന്വേഷിക്കണം എന്നാണ് സനല്‍കുമാറിന്റെ ആവശ്യങ്ങളിലൊന്ന്. ഈ ആരോപണങ്ങളെ തികച്ചും നര്‍മത്തില്‍ ചാലിച്ച് ട്രോളുന്ന രീതിയിലാണ് മധു വാരിയരുടെ പ്രതികരണം. ഭാര്യയും മകളും അമ്മയുമൊത്ത് കുടുംബസമേതം മഞ്ജുവിനൊപ്പം നില്‍ക്കുന്നൊരു ചിത്രവും കുറിപ്പിനൊപ്പം മധു പങ്കുവച്ചിരുന്നു.