Headlines

NSS – മുഖ്യമന്ത്രി ഇണക്കം, മന്നം ജയന്തിയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി; ഉദ്ഘാടകൻ മുഖ്യമന്ത്രി

തിരുവനന്തപുരം: NSS – മുഖ്യമന്ത്രി ഇണക്കം, മന്നം ജയന്തിയുടെ ഔദ്യോഗിക പോസ്റ്റർ പുറത്തിറക്കി. ജനുവരി 2 ലെ മന്നം ജയന്തി സമ്മേളനം ഉദ്ഘാടകൻ മുഖ്യമന്ത്രി വി ഡി സതീശൻ. ആരോഗ്യമന്ത്രി കെ മുരളീധരനും പരിപാടിയിൽ പങ്കെടുക്കും. നേരത്തെ സുകുമാരൻ നായരും മുഖ്യമന്ത്രിയും തമ്മിൽ സംസാരിച്ചിരുന്നു.

മുഖ‍്യമന്ത്രിയായ ശേഷം ആദ‍്യമായിട്ടാണ് അദ്ദേഹം എൻഎസ്എസ് ആസ്ഥാനമായ പെരുന്നയിൽ എത്തുന്നത്. മുഖ‍്യമന്ത്രിയും എൻഎസ്എസും നടത്തിയ ചർച്ചകളിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. മുഖ‍്യമന്ത്രിക്കൊപ്പം ആരോഗ‍്യവകുപ്പ് മന്ത്രി കെ. മുരളീധരനും മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമാകും.

നേരത്തെ 5 വർഷം മുൻപായിരുന്നു മുഖ‍്യമന്ത്രി എൻഎസ്എസ് ആസ്ഥാനം സന്ദർശിച്ചത്. ഇതോടെ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരും മുഖ‍്യമന്ത്രിയും തമ്മിലുള്ള പിണക്കം അവസാനിച്ചേക്കും. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാനില്ലെന്ന് മുഖ‍്യമന്ത്രി നേരത്തെ പരാമർശം നടത്തിയിരുന്നു.

ഇതിനെതിരേ സുകുമാരൻ നായരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. സമുദായ സംഘടനകളുടെ തിണ്ണ നിരങ്ങില്ലെന്ന് പ്രഖ്യാപിച്ച നേതാവ് സഭാ സിനഡ് യോഗം ചേർന്നപ്പോൾ അവിടെ പോയി കാലു പിടിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിമർശനം.

മുഖ്യമന്ത്രി വി ഡി സതീശനുമായുള്ള തർക്കത്തിൽ മഞ്ഞുരുകിയെന്ന് വ്യക്തമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യകതമാക്കിയിരുന്നു. ഫോണിൽ വിളിച്ചാണ് മുഖ്യമന്ത്രിയെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മറുപടി കിട്ടി. പരസ്പരം നടത്തിയ പരാമർശങ്ങൾ എല്ലാം മറന്നു. മുഖ്യമന്ത്രിയായ വി.ഡി. സതീശനുമായി അഭിപ്രായ വ്യത്യാസമില്ല.

വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾ ഏത് സാഹചര്യത്തിലായിരുന്നു എന്ന് അദ്ദേഹം ബോധ്യപ്പെടുത്തി. അത് ഞങ്ങൾക്ക് ബോധ്യപ്പെട്ടുവെന്നും കുറച്ചു വൈകിപ്പോയെന്നും അദ്ദേഹം പറഞ്ഞു. പരസ്പരം എല്ലാം പറഞ്ഞ് അവസാനിപ്പിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.