ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിന് മേൽ അവകാശം സ്ഥാപിച്ച് അമേരിക്ക. സൈനിക താവളം സ്ഥാപിക്കുന്നതിന് ഡെന്മാർക്കുമായി ധാരണയിലെത്തിയെന്ന് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ്. ധാരണ നിലവിൽ വന്നാൽ മറ്റ് രാജ്യങ്ങൾക്ക് ഗ്രീൻലാൻഡിൽ നിക്ഷേം നടത്താൻ അമേരിക്കൻ അനുവാദം ആവശ്യമാകും.
ഗ്രീൻലണ്ടിനെ നാറ്റോ സഖ്യകക്ഷിയായ ഡെന്മാർക്കിൽ നിന്നും ഏറ്റെടുക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസ്താവന നേരത്തെ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ രഹസ്യമായി നടന്ന ചർച്ചകൾക്കൊടുവിലാണ് ഇപ്പോൾ ഗ്രീൻലൻഡിനു മേൽ സുരക്ഷാപരമായ അധികാരം ഉറപ്പിക്കാൻ ഡെന്മാർക്കും ഗ്രീൻലണ്ടുമായി ധാരണയായെന്ന് ട്രംപ് പ്രസ്താവിച്ചിരിക്കുന്നത്. ധാരണ പ്രകാരം ഗ്രീൻലണ്ടിന്റെ സുരക്ഷയിലും മറ്റ് ആവശ്യങ്ങളിലും അമേരിക്കയ്ക്ക് സ്ഥിരമായ നിയന്ത്രണം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു രാജ്യത്തിനും ഗ്രീൻലണ്ടിൽ നിക്ഷേപം നടത്തുന്നതിനോ ഗ്രീൻലണ്ടിൽ സൈനിക സാന്നിധ്യം സ്ഥാപിക്കാനോ കഴിയില്ലെന്നും ട്രംപ് അവകാശപ്പെട്ടു. കരാറിനെപ്പറ്റിയുള്ള ട്രംപിന്റെ പ്രസ്താവന ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ സ്ഥിരീകരിച്ചു. ആർട്ടിക്, നോർത്ത് അറ്റ്‌ലാന്റിക് മേഖലകളിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള കരാറിൽ അടുത്തയാഴ്ച യു എൻ പൊതുസഭയിൽ ഒപ്പുവയ്ക്കുമെന്ന് മെറ്റ് ഫ്രെഡറിക്‌സെൻ അറിയിച്ചു. കരാർ നാറ്റോയ്ക്കും യൂറോപ്പിനും ഗുണകരമായിരിക്കുമെന്നും ഡെന്മാർക്ക് പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രീൻലൻഡിന്റെ താൽപര്യങ്ങളും അന്താരാഷ്ട്ര സഹകരണത്തിൽ നമ്മുടെ സ്ഥാനവും അംഗീകരിക്കുന്നതാണ് കരാർ എന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസൺ പറഞ്ഞു.









