Headlines

പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാകുമ്പോള്‍ നടപടിക്രമങ്ങളില്‍ ഇഴച്ചില്‍ ഉണ്ടാകുന്നു; മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ സര്‍ക്കാരിന് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കുന്നതിലെ ആശയക്കുഴപ്പത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പ്രതികള്‍ ഉന്നത സ്വാധീനമുള്ളവരാകുമ്പോള്‍, നടപടിക്രമങ്ങളില്‍ ഇഴച്ചില്‍ ഉണ്ടാകുന്നുവെന്നാണ് വിമര്‍ശനം. ജനാധിപത്യ സര്‍ക്കാരാണിതെന്നും, ചില കാര്യങ്ങള്‍ സ്മൂത്തായല്ല പോകുന്നതെന്നും കോടതി നിരീക്ഷിച്ചു. പ്രോസിക്യൂഷന്‍ അനുമതി വേണമോ വേണ്ടയോ എന്നതില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.

പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പ്രോസിക്യൂഷന്‍ അനുമതി നല്‍ക്കേണ്ടത് തങ്ങള്‍ അല്ലെന്ന് പിന്നോക വികസന വകുപ്പ് അറിയിക്കുകയായിരുന്നു.

തീരുമാനം അറിയിച്ചില്ലെങ്കില്‍ പിന്നോക്ക വികസന വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി നേരിട്ട് വിശദീകരണം നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. എട്ടോളം കേസുകളിലാണ് അന്വേഷണം പൂര്‍ത്തിയായത്. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജസ്റ്റിസ് എ ബധറുദീന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പ്രോസിക്യൂഷന്‍ അനുമതിയില്‍ തീരുമാനം വൈകിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ കോടതി കടുത്ത അതൃപ്തി നേരത്തെയും രേഖപ്പെടുത്തിയിരുന്നു.